മണ്ഡലകാലം ആരംഭിച്ച് ഒരു മാസം; ശബരിമലയില്‍ 163 കോടി രൂപയുടെ വരുമാനം; മുന്‍വര്‍ഷത്തേക്കാള്‍ 22 കോടിയുടെ വര്‍ദ്ധന; അധിക വരുമാനം കൊണ്ടുവന്നത് അരവണ

മണ്ഡലകാലം ഒരു മാസം പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 22 കോടി രൂപയുടെ വര്‍ധനയുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ശനി വരെ 163,89,20,204 രൂപയാണ് വരുമാനം ലഭിച്ചത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയം 141,12,97,723 രൂപയായിരുന്നു വരുമാനം. കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ 22,76,22,481 രൂപയുടെ അധിക വരുമാനം ഉണ്ടായി. അരവണയുടെ വിറ്റുവരവ് 82,67,67,050 രൂപയാണ്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17, 41,19,730 രൂപ അധിക വരുമാനമായുണ്ട്.

Read more

തീര്‍ഥാടകരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 22,67,956 തീര്‍ഥാടകരാണ് ശനി വരെ ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമെത്തിയത് 4,51,043 തീര്‍ഥാടകര്‍. സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, പൊലീസ് തുടങ്ങി എല്ലാവരും സംയുക്തമായി എടുത്ത മുന്നൊരുക്കങ്ങളുടെ വിജയം കൂടിയാണ് തീര്‍ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും ഉണ്ടായ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.