മലപ്പുറത്ത് 17 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത് അജ്ഞാതന്‍; ടിസി നല്‍കിയത് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത്

മലപ്പുറം തവനൂരിലെ കേളപ്പന്‍ സ്മാരക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ അറിയാതെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്. അകാരണമായി ടിസി ലഭിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.

ഔദ്യോഗികമായി ടിസി അനുവദിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് പുറത്തായി. ഈ വര്‍ഷം അഡ്മിഷന്‍ നേടിയ കുട്ടികളെയാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ടിസി ലഭിച്ച വിദ്യാര്‍ത്ഥികളുടെ വിവരം സ്‌കൂള്‍ പുറത്തുവിട്ടിട്ടില്ല.

ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രിന്‍സിപ്പലിന്റെ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്താണ് ടിസി അനുവദിച്ചിരിക്കുന്നത്. ലോഗിന്‍ ചെയ്ത കമ്പ്യൂട്ടര്‍ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കാണ് ടിസി നല്‍കിയിരിക്കുന്നത്.

Read more

ഒന്നാം വര്‍ഷ പരീക്ഷയുടെ നോമിനല്‍ റോള്‍ പരിശോധന നടത്തുമ്പോഴാണ് സംഭവം പ്രിന്‍സിപ്പല്‍ വി ഗോപിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ടിസി നല്‍കിയിരിക്കുന്നത്. സയന്‍സില്‍ നിന്ന് 12 വിദ്യാര്‍ത്ഥികള്‍ക്കും കോമേഴ്‌സില്‍ നിന്ന് മൂന്നും ഹ്യുമാനിറ്റീസിലെ 2 വിദ്യാര്‍ത്ഥികള്‍ക്കുമാണ് ടിസി നല്‍കിയത്.