വയനാട് മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും ഉണ്ടായ വന്‍ ഉരുള്‍ പൊട്ടലില്‍ 19 മരണം സ്ഥിരീകരിച്ചു. ചൂരല്‍മല മേഖലയില്‍ എട്ടു മരണം, നാല് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. നാലും പുരുഷന്മാര്‍, മേപ്പാടി ആശുപത്രിയില്‍ 33 പേരെ പരുക്കോടെ പ്രവേശിപ്പിച്ചു. മുണ്ടകൈയ്ക്ക് രണ്ടു കിമീ അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ചാലിയാറിലെ മുണ്ടേരിയിലും പോത്തുകല്ലിലും നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.
നിരവധി പേരെ കാണാതായിട്ടുള്ളതായാണ് വിവരം. ഉരുള്‍ പൊട്ടലും മലവെള്ളപാച്ചിലും 400 ലധികം കുടുംബങ്ങളെയാണ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. മലവെള്ള പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. രക്ഷാ പ്രവർത്തനത്തിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ എത്തുന്നുണ്ട്. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടയിലായി. സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ദുരന്തമാണ് വയനാട് ഉണ്ടായത്.
മന്ത്രിമാരായ കെ രാജന്‍, ഒആര്‍ കേളു എന്നിവര്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഫയർ ആൻഡ് റസ്ക്യൂ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുടെ 250 അംഗങ്ങൾ വയനാട് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പുലര്‍ച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. നാല് മണിയോടെ രണ്ടാമത്തെ ഉരുള്‍പ്പൊട്ടലും ഉണ്ടായി. നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി വാഹനങ്ങളും ഒഴുകി പോയിട്ടുണ്ട്. ചൂരല്‍ മലയിലെ പാലം തകര്‍ന്നത് രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. മൂണ്ടക്കൈ, അട്ടമല പ്രദേശങ്ങളിലെ പ്രധാന പാലമാണ് തകര്‍ന്നത്. അപകടത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായി വ്യക്തമായിട്ടില്ല.
ദുരന്തത്തെ തുടർന്ന് കോഴിക്കോടുനിന്ന് വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. 2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയ്ക്ക് സമീപമാണ് മുണ്ടക്കേ. കോഴിക്കോട് ജില്ലയിലെ നാലിടത്തും ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. മഞ്ഞച്ചീളി, മാടാഞ്ചേരി, പാനോം എന്നിവിടങ്ങളിലാണ് മണ്ണിടിച്ചലും ഉരുള്‍പ്പൊട്ടുലുമുണ്ടായത്.
വയനാട് ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.