കൊലക്കേസ് പ്രതികളില്‍ നിന്ന് കണ്ടെത്തിയത് 195 ഗ്രാം എംഡിഎംഎ; രാസലഹരി സൂക്ഷിച്ചത് ബ്രെഡിനുള്ളില്‍

തിരുവനന്തപുരത്ത് ബ്രെഡിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 195 ഗ്രാം എംഡിഎംഎ പിടികൂടി. കാട്ടാക്കട ആമച്ചലിലെ വീട്ടില്‍ നിന്നാണ് ഡാന്‍സാഫ് സംഘം ബ്രെഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലുള്ള എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും കൊലക്കേസ് പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

ആമച്ചല്‍ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്. ഇരുവരെയും ചോദ്യം ചെയ്തുവരികയാണ്. ബംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ എംഡിഎംഎ എത്തിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് ആമച്ചലിലെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.

ബാംഗ്ലൂരില്‍ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടില്‍ പരിശോധന നടക്കുന്നു. സംഘത്തില്‍ ഒരാള്‍ കൂടിയുണ്ട്. അയാള്‍ക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.