'മനുഷ്യമാംസത്തിന് 20 ലക്ഷം രൂപ, വാങ്ങാന്‍ ബെംഗളൂരു സംഘം': ബ്ലാക്ക് മെയില്‍ ചെയ്യാനും പദ്ധതിയിട്ടെന്ന് ഷാഫി

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് . കൊലപാതക ശേഷം മനുഷ്യ മാംസം വില്‍ക്കാനായി തീരുമാനിച്ചിരുന്നുവെന്ന് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാഫി മൊഴി നല്‍കിയിരിക്കുന്നത്. മനുഷ്യമാംസം വില്‍പ്പനയിലൂടെ 20 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് ഷാഫി പ്രതികളായ ഭഗവല്‍ സിംഗിനേയും ലൈലയേയും വിശ്വസിപ്പിച്ചത്. തുടര്‍ന്നാണ് നരബലിക്ക് ശേഷം മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും വിവരം.കൊലപാതകത്തിന്റെ പേരില്‍ പ്രതികളായ ദമ്പതികളെ ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു പദ്ധതിയെന്നും ഷാഫി വെളിപ്പെടുത്തി.

മാംസം വാങ്ങിക്കാന്‍ ബെംഗളൂരുവില്‍ നിന്നും ആളുവരുമെന്നാണ് ഷാഫി അറിയിച്ചത്. ബെംഗളൂരുവില്‍ മനുഷ്യമാംസം കഴിക്കുകയും അത് ശേഖരിക്കുകയും ചെയ്യുന്ന വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.

കൊല്ലപ്പെട്ട റോസ്ലിയുടെ ശശീര ഭാഗങ്ങള്‍ ഓരോന്നായി മുറിച്ചാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. തൊട്ടടുത്ത ദിവസം രാവിലെ 6നും 9 നും ഇടയില്‍ ഒരു സംഘം ഇത് വാങ്ങാന്‍ എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ പിന്നീട് സംഘം വരില്ലെന്ന് അറിയിച്ചതോടെയാണ് മൃതദേഹം കുഴിച്ചിട്ടതെന്നും ലൈല മൊഴി നല്‍കി. റോസ്ലിയെ കൊലപ്പെടുത്തിയ സമയവും രീതിയും ശരിയല്ലെന്നാണ് സംഘം വരാത്തതിന് കാരണമായി ഷാഫി അറിയിച്ചത്.സാമ്പത്തിക അഭിവൃദ്ധിയുണ്ടാവുമെന്ന് പറഞ്ഞ് ദമ്പതികളില്‍ നിന്നും ഷാഫി ആറ് ലക്ഷം രൂപ പലതവണയായി കൈക്കലാക്കിയിരിക്കുന്നു. എന്നാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടായില്ലെന്ന് മാത്രമല്ല. മാംസം വില്‍ക്കാനും കഴിയാതെ വന്നതോടെ ദമ്പതികള്‍ പണം തിരികെ ആവശ്യപ്പെട്ടതോടെയാണ് രണ്ടാമത്തെ കൊല (പത്മ)യിലേക്ക് എത്തുന്നത്.

പത്ത് കിലോഗ്രാം മനുഷ്യമാംസമാണ് പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. ആന്തരികാവയവങ്ങളും മറ്റു ചില ശരീര ഭാഗങ്ങളുമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നത്. ഇതിന് പുറമേ ആഭിചാരവുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങള്‍ ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്. മലയാളത്തിലുള്ള രണ്ട് പുസ്തകങ്ങളാണ് കണ്ടെത്തിയത്.