മുൻകരുതൽ എന്ന നിലയിലാണ് 21 ലോറികൾ വാടകയ്‌ക്കെടുത്തത്, പൊങ്കാല വിവാദത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ

ആറ്റുകാൽ പൊങ്കാല മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ടിപ്പർ ലോറികൾ വാടകയ്‌ക്കെടുത്തത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി മേയർ ആര്യ രാജേന്ദ്രൻ. 28 ലോഡ് മാലിന്യമാണ് പൊങ്കാലദിവസം വിവിധ സര്‍ക്കിളുകളില്‍ നിന്നായി നഗരസഭ ശേഖരിച്ചത്. ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചത്. പൊങ്കാല മാലിന്യത്തിനൊപ്പം പൊതുമാലിന്യങ്ങളും ഉള്‍പ്പെട്ട കണക്കാണിതെന്നും മേയര്‍ വാർത്തക്കുറിപ്പിൽ അറിയിച്ചു .

ക്ഷേത്രവളപ്പില്‍ 5000 പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അതിനനുസരിച്ചുള്ള മുന്‍കരുതലെന്ന നിലയിലാണ് 21 ലോറികള്‍ ഏര്‍പ്പെടുത്തിയതും അതിന് വാടക മുന്‍കൂര്‍ അനുവദിച്ചതും. എന്നാൽ ഏറ്റവും ഒടുവിലാണ് വീടുകളില്‍ പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. അതോടെയാണ് പൊങ്കാല മാലിന്യങ്ങള്‍ക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാന്‍ തീരുമാനിച്ചതെന്നും മേയര്‍ വിശദീകരിക്കുന്നു.

മണക്കാട്, ഫോര്‍ട്ട്, ശ്രീകണ്ഠേശ്വരം, ചാല, ചെന്തിട്ട, കരമന സര്‍ക്കിളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പൊങ്കാല മാലിന്യം ശേഖരിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പൊങ്കാല നടന്നതെങ്കിലും ആചാരാനുഷ്ഠാനങ്ങളില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്സവത്തിന്റെ ഫലമായി സാധാരണഗതിയില്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്തു എന്നും മേയര്‍ പറഞ്ഞു.

Read more

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്.നായർ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്. ഈ പ്രശ്നത്തിൽ പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. പൊങ്കാലയ്ക്കുശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരിൽ 21 ടിപ്പർ ലോറികൾ വാടകയ്ക്ക് എടുക്കുകയും ഈ ലോറികൾക്ക് വാടകയായി 3,57,800 രൂപ ചെലവഴിച്ചു എന്നും തിരുവനന്തപുരം കോർപ്പറേഷൻ രേഖകളിലുണ്ടെന്നാണ് ആരോപണം.