വര്‍ക്കലയില്‍ 22 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍; രണ്ട് ഹോട്ടലുകള്‍ അടപ്പിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ട് ഹോട്ടലുകളില്‍ നിന്നായി ഭക്ഷണം കഴിച്ച 22 പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍. ബീച്ച് റോഡില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഹോട്ടലുകളില്‍ നിന്നാണ് ചികിത്സയിലുള്ളവര്‍ ഭക്ഷണം കഴിച്ചത്. ന്യൂ സ്‌പൈസി, എലിഫന്റ് ഈറ്ററി എന്നീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.

ചിക്കന്‍ അല്‍ഫാം, കുഴിമന്തി, ഷവര്‍മ തുടങ്ങിയ വിഭവങ്ങളാണ് ചികിത്സയിലുള്ളവര്‍ കഴിച്ചത്. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രണ്ട് ഹോട്ടലുകളും അടപ്പിച്ചു. നേരത്തെയും ഇരു ഹോട്ടലുകള്‍ക്കെതിരെയും സമാന സംഭവങ്ങളെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടപടിയെടുത്തിട്ടുണ്ട്.

Read more

ഇരുസ്ഥാപനങ്ങളും ഒരു മാനേജ്‌മെന്റിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അവധി ദിവസമായ ഇന്നലെ ഇരു ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കും പാഴ്‌സല്‍ വാങ്ങിയവര്‍ക്കുമാണ് രാത്രിയോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതോടെ ഭക്ഷണം കഴിച്ചവര്‍ ചികിത്സ തേടുകയായിരുന്നു.