ഇലക്ഷന്‍ സ്‌ക്വാഡ് വാഹന പരിശോധനയില്‍ കണ്ടെത്തിയത് 25 ലക്ഷം; കുളപ്പുള്ളി സ്വദേശികളായ മൂന്ന് പേര്‍ കസ്റ്റഡിയില്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് 25 ലക്ഷം രൂപ പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്. ചെറുതുരുത്തിയില്‍ നിന്നാണ് പണം പിടികൂടിയത്. വാഹനത്തില്‍ നിന്നാണ് ഇലക്ഷന്‍ സ്‌ക്വാഡ് പണം കണ്ടെത്തിയത്. കുളപ്പുള്ളിയില്‍ നിന്ന് കലാമണ്ഡലത്തിലേക്ക് വരികയായിരുന്ന വാഹനത്തിലായിരുന്നു പണം.

കുളപ്പുള്ളി സ്വദേശികളായ മൂന്നംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. പണം പിടികൂടിയതിന് പിന്നാലെ ഇലക്ഷന്‍ സ്‌ക്വാഡ് മൂന്നംഗ സംഘത്തെ ചോദ്യം ചെയ്യുകയാണ്. വാഹനത്തിന്റെ സീറ്റിനടിയില്‍ നിന്നാണ് ബാഗില്‍ സൂക്ഷിച്ച നിലയില്‍ 25 ലക്ഷം രൂപ കണ്ടെടുത്തത്. വാഹനം പരിശോധിക്കുമ്പോഴാണ് ബാഗ് സ്‌ക്വാഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണിതെന്നാണ് മൂന്നംഗ സംഘത്തിന്റെ മൊഴി. ഇതേ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരെയും വാഹനവും സ്‌ക്വാഡ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഇലക്ഷന്‍ സ്‌ക്വാഡ് അറിയിച്ചു.