ഹോളിയാഘോഷത്തിന്റെ ഭാഗമായി രാജസ്ഥാനിൽ 25കാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഹോളി ആഘോഷത്തിന് മുന്നോടിയായി രാജസ്ഥാനിൽ നടന്ന ആഘോഷത്തിലാണ് ദാരുണമായ സംഭവം നടന്നത്. തനിക്ക് നേരെ കളർ പൊടി വിതറരുതെന്ന് പറഞ്ഞ യുവാവിനെയാണ് ഒരുസംഘം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഹൻസ് രാജ് എന്ന 25കാരനാണ് കൊല്ലപ്പെട്ടത്.
ലൈബ്രറിയിൽ പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹൻസ് രാജിന്റെ അടുത്തേക്ക് വർണപ്പൊടികളുമായി എത്തിയ പ്രതികളോട് തന്റെ ദേഹത്തേക്ക് വർണപ്പൊടികൾ വിതറരുന്ന് യുവാവ് പറഞ്ഞു. എന്നാൽ ഇതിൽ പ്രകോപിതരായ പ്രതികൾ ഹൻസ് രാജിനെ ലൈബ്രറിയിൽ വച്ച് തന്നെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു ഹൻസ് രാജ്.
ബുധനാഴ്ച വൈകുന്നേരത്തോട റാൽവാസ് നിവാസികളായ അശോക്, ബബ്ലു, കലുറാം എന്നിവരാണ് ആഘോഷങ്ങൾക്കായി ലൈബ്രറിയിലെത്തിയത്. വർണപ്പൊടികൾ ദേഹത്ത് പൂശുന്നത് തടയാൻ ശ്രമിച്ച ഹൻസ് രാജിനെ മൂവരും ചേർന്ന് ആദ്യം ചവിട്ടുകയും ബെൽറ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തുവെന്നും പിന്നീട് അയാളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും എഎസ്പി ദിനേശ് അഗർവാൾ പറഞ്ഞു.