നക്ഷത്ര ജ്വല്ലറിയുടമയും ഭാര്യയായ പ്രമുഖ വ്‌ളോഗറുമുള്‍പ്പെട്ട 250 കോടിയുടെ സ്വര്‍ണ തട്ടിപ്പ്; വാര്‍ത്തയാക്കാതെ മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കിയെന്ന് ആക്ഷേപം

എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്ന ജ്വല്ലറി സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ ഷാനവാസ് ടിഎം, ഭാര്യയും പ്രമുഖ വ്ളോഗറുമായ ഷംന  ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കളമശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വാര്‍ത്തയാക്കാതെ പ്രമുഖ മാധ്യമങ്ങള്‍ മുക്കുന്നതായി ആരോപണം. ഒന്നാം പ്രതിയായ ഷാനവാസിന്റെ ഉമ്മയുടെ സഹോദരനായ അരൂര്‍ സ്വദേശിയായ എം.എസ് മാമ്മുവാണ് സ്വര്‍ണ തട്ടിപ്പിനും വഞ്ചനയ്ക്കുമെതിരെ കേസ് നല്‍കിയ പരാതിക്കാരന്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്  നേരിട്ട് നല്‍കിയ പരാതിയില്‍ 2024 ഫെബ്രുവരി 10നാണ് കളമശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഓഡിറ്റര്‍ മജു കെ ഇസ്മയിലിന്റെ സഹായത്തോടെ കള്ള രേഖകള്‍ ഉണ്ടാക്കിയും ഡയറക്ടര്‍മാരുടെ കള്ളഒപ്പിട്ടും മുന്‍പുണ്ടായിരുന്ന നക്ഷത്ര ജ്വല്ലറി എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും താനുള്‍പ്പെടെയുള്ള ഡയറക്ടര്‍മാരെ പുറത്താക്കിയതിനെതിരെയാണ് എം.എസ് മമ്മു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് രേഖകള്‍ സഹിതം പരാതി നല്‍കിയിരുന്നത്.

ഐ.പി.സി 406, 420 , 409 , 468 , 471 , 120B, 34 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ടി.എം ഷാനാവാസിനും ഭാര്യ ഷംനയ്ക്കും പുറമെ, ഇവരുടെ ഓഡിറ്ററും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ മജു കെ ഇസ്മയില്‍, ഷാനവാസിന്റെ സഹോദരന്‍ മുഹമ്മദ് ഷമീറും പ്രതികളാണ്. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും ഈ സംഭവം വാര്‍ത്തയാക്കാന്‍ പ്രമുഖ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല.

ഇത്രയും ഗുരുതരമായ ഒരു പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടും മാധ്യമങ്ങള്‍ അത് കണ്ടില്ലന്നു നടിക്കുന്നത് പ്രതികളായ ജ്വല്ലറി ഉടമകളുടെ പിആര്‍ വര്‍ക്കിന്റെ സ്വാധീനം മൂലമാണെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം. ഇതിനു പിന്നില്‍ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് പുറത്തു വരുന്ന വിവരം.

പരാതിക്കാരന്‍ പറയുന്നതനുസരിച്ച്, 2012-ല്‍ എറണാകുളം നെട്ടൂരില്‍ നക്ഷത്ര ജ്വല്ലറി എന്ന സ്ഥാപനം തുടങ്ങാന്‍ സഹോദരി പുത്രനായ ഷാനവാസിന് പണം നല്‍കിയത് എം.എസ് മാമുവാണ്. 2014-ല്‍ പെരുമ്പളത്ത് നക്ഷത്ര ജുവല്ലേഴ്‌സ് എന്ന പേരില്‍ പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനം തുടങ്ങി. ഇതില്‍ ഷാനവാസ് പാട്ണറും മാമുവിന്റെ മകളുടെ ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ മാനേജിങ് പാട്ണറുമായിരുന്നു. തുടര്‍ന്ന് 2016-ല്‍ ഇടപ്പള്ളിയില്‍ ന്യൂ നക്ഷത്ര ജ്വല്ലേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. ഇതില്‍ ഷാനവാസിനു പുറമെ, എം.എസ് മാമുവിന്റെ ഭാര്യ സുബൈദയും മകള്‍ സുനീറയും പാട്ണര്‍മാരായിരുന്നു. 2017-ല്‍ പൂക്കാട്ടുപടിയില്‍ തുടങ്ങിയ നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട് എന്ന സ്ഥാപനത്തില്‍ ഷാനവാസും എം.എസ് മാമുവിന്റെ ഭാര്യ സുബൈദയും കൊച്ചുമകള്‍ റിസ്വാനയും, ഷാനവാസിന്റെ സഹോദരന്‍ ഷമീറും, മാമുവിന്റെ അര്‍ദ്ധ സഹോദരന്‍ അഫ്‌നാസ്, ഷമീറിന്റെ മാതാവ് മൈമുവും പാര്‍ട്ണര്‍മാറായിരുന്നു.

2018-ല്‍ നക്ഷത്ര 916 ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്ന പേരില്‍ വൈറ്റിലയില്‍ തുടങ്ങിയ സ്ഥാപനത്തിലും ഇതിനു ശേഷം ഇതേ പേരില്‍ 2019-ല്‍ ഇടപ്പള്ളിയില്‍ ആരംഭിച്ച ജ്വല്ലറിയിലും, ഷാനവാസിനും മാമുവിനുംപുറമെ, ഷമീര്‍, സുനീറ, സനീറ എന്നിവര്‍ പാര്‍ട്ണര്‍മാരായിരുന്നു. 2020-ല്‍ നെട്ടൂരില്‍ വീണ്ടും ഷാനവാസിന്റെ പൊപ്രൈറ്റര്‍ഷിപ്പില്‍ നക്ഷത്ര ജ്വല്ലറി എന്ന മറ്റൊരു സ്ഥാപനം തുടങ്ങുകയുണ്ടായി.

2022-ല്‍ മാമുവിന്റെ മരുമകന്‍ അബ്ദുള്‍ നാസര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നെട്ടൂരിലുള്ള രണ്ട് ജ്വല്ലറിയും ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ച് അതിനു കീഴില്‍ ആക്കാനും ഇതോടൊപ്പം തന്നെ ദുബായില്‍ രണ്ട് കടകള്‍ പുതുതായി തുടങ്ങുന്നതിനും വേണ്ടി പദ്ധതി തയ്യാറാക്കി. ഈ കമ്പനിയില്‍ ഷാനാവാസ്, ഷമീര്‍, മാമു, റൈസ് എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

എന്നാല്‍, കമ്പനി ഓഡിറ്ററായ മജു കെ ഇസ്മയിലിന്റെ ഒത്താശയോടെ മാമുവിന്റെയും റൈസിന്റെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ചും ആ രേഖയില്‍ കള്ള ഒപ്പിട്ടും ഇവരെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്നും ഒഴിവാക്കിയെന്നാണ് പരാതി. പിന്നീട് ഷാനവാസും അദ്ദേഹത്തിന്റെ ഭാര്യയും മാത്രം ഉള്‍പ്പെട്ട കമ്പനിയിലേക്ക്, മറ്റു ജ്വല്ലറി സ്ഥാപനങ്ങളെല്ലാം ഏറ്റെടുക്കുകയുണ്ടായി. ഈ സ്ഥാപനങ്ങളുടെ മാനേജിങ്ങ് ഡയറക്ടര്‍ ഷാനവാസ് ആയതിനാല്‍ ജി.എസ്.ടി റദ്ദാക്കുന്ന വിവരവും മനപൂര്‍വ്വം മറച്ചു വയ്ക്കുകയാണ് ഉണ്ടായതെന്നും തുടര്‍ന്ന് പുതുതായി രൂപം കൊടുത്ത കമ്പനിയുടെ പേരില്‍ എടുത്ത ജി.എസ്.ടിയിലാണ് പ്രവര്‍ത്തനം നടത്തിയിരുന്നതെന്നും പരാതിയില്‍ പറയുന്നു.

പ്രതികളായ ഷാനവാസും ഭാര്യയും വ്ളോഗറുമായ ഷംനയും ചേര്‍ന്ന് ഏറ്റവും ഒടുവില്‍ ഒരു എല്‍എല്‍പി സ്ഥാപനം ഉണ്ടാക്കുകയും അതിന്റെ പേരില്‍ പുതിയ ജി.എസ്.ടി ഉണ്ടാക്കി മുഴുവന്‍ ബിസിനസ്സും അതിലൂടെയാണ് നിലവില്‍ നടത്തി വരുന്നതെന്നാണ് പരാതിക്കാരന്‍ പറയുന്നത്. പുതിയ കമ്പനി തുടങ്ങി പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ചെയ്യേണ്ട ഒരു നടപടിക്രമവും ഇവര്‍ പാലിച്ചിട്ടില്ലന്നും മാമു കമ്മീഷണര്‍ക്കു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പഴയ സ്ഥാപനത്തിലെ സ്വര്‍ണ്ണം പുതിയ സ്ഥാപനത്തിലേക്ക് മാറ്റിയത് ഉള്‍പ്പെടെ 250 കോടി രൂപയുടെ വെട്ടിപ്പ് ഷാനവാസും ഭാര്യയും ഉള്‍പ്പെടെ നടത്തിയതായാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നും കടത്തിയ പണം ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ട് ജ്വല്ലറി തുടങ്ങിയ സംഭവവും, ജി.എസ് ടിയിലും ഇന്‍കംടാക്‌സിലും കൊടുത്തിരിക്കുന്ന കണക്കുകളും രേഖകളും കൃത്രിമമായി ഉണ്ടാക്കിയതു സംബന്ധമായും അന്വേഷണം വേണമെന്നും മാമു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

"നിങ്ങൾ എൻ്റെ കാലുകൾ വെട്ടിക്കളഞ്ഞാൽ ഞാൻ വീൽചെയറിൽ തിരിച്ചെത്തും, നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ വെടിവെച്ച് കൊല്ലുക അല്ലെങ്കിൽ തടവിലിടുക; നിലമ്പൂരിൽ നടത്തിയ ആദ്യ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിവി അൻവർ എംഎൽഎ

"ഇത് ബഹുമാനമില്ലായ്മയായി ഞാൻ കരുതുന്നു" ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലയണൽ മെസിയെയും കുറിച്ചുള്ള മുൻ ഫിഫ പ്രസിഡന്റിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ചു കാർലോ ആഞ്ചലോട്ടി

ഇറാന്റെ ഭയം, പുടിന്റെ പതുങ്ങല്‍, രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍

'ഞാൻ യുണൈറ്റഡിലേക്ക് പോകുന്നു' മാഞ്ചസ്റ്റർ സിറ്റി കരാറിൽ ഒപ്പിടാൻ ശ്രമിച്ചപ്പോൾ താൻ ഏജൻ്റിനോട് എന്താണ് പറഞ്ഞതെന്ന് ദിമിതർ ബെർബറ്റോവ് വെളിപ്പെടുത്തുന്നു

ഉദയനിധി സ്റ്റാലിൻ ഉപ മുഖ്യമന്ത്രിയായി അധികാരമേറ്റു; ബാലാജിയടക്കം 4 പുതിയ മന്ത്രിമാർ

നിലമ്പൂരില്‍ വിശദീകരണ യോഗവുമായി പിവി അന്‍വര്‍; സാക്ഷിയായി ജനസാഗരം

ഒളിവിൽ പോകുന്നത് നല്ലതാണെന്ന് ഞാൻ പറയില്ല; നിങ്ങൾക്കൊക്കെ എന്താണോ മനസിൽ തോന്നുന്നത് അത് തന്നെയാണ് എനിക്കും തോന്നുന്നത്: നവ്യ നായർ

IIFA പുരസ്‍കാര വേദിയിൽ തിളങ്ങി ഷാരൂഖ് ഖാനും റാണി മുഖർജിയും; അവാർഡുകൾ വാരിക്കൂട്ടി 'അനിമൽ' മികച്ച ചിത്രം

ലേലത്തിൽ ഒപ്പിട്ടതിന് ശേഷം പിന്മാറുന്ന താരങ്ങളെ വിലക്കാൻ ഒരുങ്ങി ഐപിഎൽ

നസറുള്ളയുടെ കൊലയും ഇസ്രയേലും, ഹിസബുള്ളയ്ക്കും ഇറാനും മുന്നിലെന്ത്?