കൊച്ചിയുടെ കുരുക്ക് അഴിക്കാന്‍ 26 കിലോമീറ്റര്‍ ആകാശപ്പാത; ആലപ്പുഴവരെ ആകാശത്തുകൂടി വാഹനം ഓടിക്കാം; പണിതുടങ്ങി എന്‍എച്ച്എഐ; ആദ്യഘട്ടത്തിന് 1,668.50 കോടി

നഗരത്തിലെ കുരുക്ക് അഴിക്കാന്‍ കൊച്ചിക്ക് മീതെ ആറുവരി ആകാശപ്പാതയുടെ ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ദേശീയപാത അതോറിട്ടി. നഗരത്തിലെ കുരുക്ക് അഴിക്കാന്‍ ഇടപ്പള്ളി മുതല്‍ തുറവൂര്‍ വരെ ആകാശപാത നിര്‍മിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ട റീച്ചായ അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

ഇടപ്പള്ളിയില്‍ നിന്ന് അരൂര്‍ വരെ 18 കിലോമീറ്ററും നേരത്തെ പ്രഖ്യാപിച്ച അരൂരില്‍ നിന്നു തുറവൂര്‍ വരെയും 13 കിലോമീറ്റര്‍ ആകാശപ്പാതയുമാണ് ദേശീയപാത അതോറിറ്റിയുടെ പ്രഥമ പദ്ധതിയില്‍ ഉള്ളത്. ഭൂമി ഏറ്റെടുക്കല്‍ ദുര്‍ഘടമായ ഈ പ്രദേശത്ത് ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പുതിയ രൂപകല്‍പന. ഇടപ്പള്ളിയില്‍ നിന്നു തുറവൂര്‍ വരെയുള്ള ദൂരം നഗരപ്രദേശമായിട്ടാണ് ദേശീയപാത അതോറിറ്റി കണക്കാക്കുന്നത്. ഇരുവശത്തും സ്ഥാപനങ്ങളും വീടുകളും തിങ്ങി നിറഞ്ഞ പ്രദേശത്ത് സ്ഥലമെടുത്തുള്ള വികസനം പ്രായോഗികമാകില്ല എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ആകാശപ്പാതയെന്നു ദേശീയപാത അധികൃതര്‍ വിശദീകരിച്ചു.

അരൂരില്‍ നിന്നു തുറവൂര്‍വരെ 26 മീറ്റര്‍ വീതിയില്‍ ആറുവരി ഗതാഗതത്തിനുള്ള സൗകര്യമാണ് ഉയരപാതയിലുണ്ടാവുക. 1,668.50 കോടി രൂപയ്ക്ക് മഹാരാഷ്ട്ര നാസിക്കിലെ അശോക ബില്‍ഡ്കോണ്‍ കമ്പനിയാണു നിര്‍മാണക്കരാര്‍ ഏറ്റെടുത്തത്. നിലവിലുള്ള നാലുവരിപ്പാതയുടെ മധ്യഭാഗത്ത് വലിയ തൂണുകള്‍ സ്ഥാപിച്ചാണ് ഉയരപാത നിര്‍മിക്കുന്നത്. പാതയുടെ നടുഭാഗത്ത് ഒറ്റത്തൂണിലായിരിക്കും പാത.

ഇടപ്പള്ളി മുതല്‍ അരൂര്‍വരെയുള്ള 18 കിലോമീറ്റര്‍ ദൂരത്തില്‍ ദിവസവും 50000 വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരുന്ന മൂന്ന് വര്‍ഷത്തിനിടയില്‍ ഇത് ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. 35 മിനിറ്റില്‍ താഴെ താണ്ടിയെത്താവുന്ന ഈ ദൂരം വാഹനങ്ങളുടെ എണ്ണം ഇരട്ടിച്ചതോടെ മൂന്ന് മണിക്കൂര്‍ വരെ നീളുന്ന സ്ഥിതിയായി. ഇടപ്പള്ളി കൂടാതെ പാലാരിവട്ടത്തും വൈറ്റിലയിലും കുണ്ടന്നൂരും ഫ്‌ളൈഓവര്‍ പണിതിട്ടും തിരക്കിന് ശമനമില്ലായിരുന്നു.

അഞ്ച് ദേശീയപാതകളാണ് അരൂര്‍- ഇടപ്പള്ളി റോഡുമായി ബന്ധപ്പെട്ട് കിടക്കുന്നത്. ഇത് ഉടന്‍ തന്നെ ഏഴു ദേശീയപാതാളാകും. കുണ്ടന്നൂര്‍-തേനി ഗ്രീന്‍ഫീല്‍ഡ് റോഡ്, കുണ്ടന്നൂര്‍-അങ്കമാലി ബൈപ്പാസ് എന്നിവ ഉടന്‍ ഈ പാതയുമായി ബന്ധിപ്പിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ പാതകള്‍ ഇടപ്പള്ളി-അരൂര്‍ റോഡുമായി ബന്ധിപ്പിക്കും. ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ ആറുവരി ആകാശപ്പാത വേണമെന്നാണ് ദേശീയപാത അതോറിട്ടി കണക്ക് കൂട്ടുന്നത്.

നിലവില്‍ ലുലുമാളിനോടു ചേര്‍ന്ന് ഇടപ്പള്ളിയിലുള്ള പാലത്തിന്റെ ഉയരം പ്രശ്നമായേക്കുമെന്നാണ് സൂചന. കുണ്ടന്നൂര്‍, വൈറ്റില എന്നിവിടങ്ങളിലെ പാലങ്ങള്‍ അതേ പോലെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെങ്കിലും പാലാരിവട്ടം പാലത്തിനു നിലവിലുള്ള വീതി പോരാതെ വരും. ഇവിടെ ഇരുവശങ്ങളിലും ഓരോ വരി വീതി കൂട്ടുകയോ താഴേക്കിറങ്ങാവുന്ന സര്‍വീസ് റോഡ് നടപ്പാക്കുകയോ വേണ്ടി വരും. ആകാശപ്പാതയില്‍ നിന്ന് പുറത്തിറങ്ങാന്‍ എവിടെയൊക്കെ തുറന്നു കൊടുക്കേണ്ടി വരുമെന്നതും പരിഗണിക്കുന്നതേയുള്ളൂ. പ്രാദേശിക യാത്രക്കാര്‍ക്ക് നിലവിലുള്ള പാത ഉപയോഗിക്കാമെന്നതിനാല്‍, ആകാശപ്പാതയില്‍ ടോള്‍പിരിവിനും സാധ്യതയുണ്ട്. ആകാശപാത യാഥാര്‍ത്ഥ്യമായാല്‍ ഇടപ്പള്ളി കടന്ന് തെക്കന്‍ ജില്ലകളിലേക്ക് പോകുന്നവര്‍ക്ക് ബ്ലോക്കില്‍ നിന്ന് രക്ഷനേടാം.

അതേസമയം, അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേയുടെ ഒന്നാംഘട്ട നിര്‍മാണം നടക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയിലെ തുറവൂര്‍ മുതല്‍ എറണാകുളം ജില്ലയിലെ കുണ്ടന്നൂര്‍ വരെ ഗതാഗതം ക്രമീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഹെവി ചരക്ക് വാഹനങ്ങളും വഴി തിരിച്ചുവിടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇന്നു മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ദേശീയപാതയില്‍ എറണാകുളം ജില്ലയില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനും വഴി തിരിച്ചു വിടുന്നതിനുമാണ് തീരുമാനം. പൊതുജനങ്ങള്‍ നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ഹെവി വാഹനങ്ങളുടെ യാത്ര ക്രമീകരണം

പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ വഴി കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വരുന്ന കാര്‍ഗാഡി പോലുളള കണ്ടെയ്നറൈസ്ഡ് ബോഡി 4.5 മീറ്ററിനു മുകളില്‍ ഉയരമുളള എല്ലാ ചരക്കു വാഹനങ്ങളും അങ്കമാലി എംസി റോഡ് വഴി തിരിഞ്ഞു പോകണം.

വളരെ വലിപ്പമുളള കാര്‍ഗാഡി പോലുളള കണ്ടെയ്നറൈസ്ഡ് ബോഡി, വലിയ ക്ലോസ്ഡ് ട്രെയ്ലറുകള്‍ എന്നിവ നിര്‍ബന്ധമായും അങ്കമാലിയില്‍ നിന്നും എംസി റോഡ് വഴി തിരുവനന്തപുരം ഭാഗത്തേക്കും അവിടെ നിന്നും തിരിച്ചുള്ളവയും ഇതേവഴി ഗതാഗത സംവിധാനം പ്രയോജനപ്പെടുത്തണം. അരൂര്‍ വഴിയുള്ള ഇത്തരം വാഹനങ്ങളുടെ ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കര്‍ശനമായും നിരോധിച്ചു.

എറണാകുളം ജില്ലയില്‍ നിന്നും ആലപ്പുഴ ജില്ലയിലേക്ക് പോകുന്ന 4.5 മീറ്ററിനു മുകളില്‍ ഉയരമുളള ചരക്ക് വാഹനങ്ങള്‍ക്ക് അരൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പൂച്ചാക്കല്‍, തൈക്കാട്ടുശ്ശേരി വഴി തുറവൂര്‍ എത്തി ദേശീയപാതയില്‍ യാത്ര തുടരാം. 4.5 മീറ്ററിനു താഴെ ഉയരമുളളതും 5.5 മീറ്ററിനു താഴെ വീതിയുള്ളതുമായ വാഹനങ്ങള്‍ക്ക് അരൂര്‍-തുറവൂര്‍ ദേശീയ പാതയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടങ്ങളില്‍ ഇരുവശങ്ങളിലായി ഗതാഗത തടസം വരുത്താത്ത രീതിയില്‍ കടന്നു പോകാം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്നും വരുന്ന 4.5 മീറ്റര്‍ വരെ ഉയരമുള്ള കണ്ടെയ്നര്‍ ലോറികളും മറ്റു വലിയ ചരക്കു വാഹനങ്ങളും ആലപ്പുഴ ജില്ലയില്‍ തുറവൂരില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് എഴുപുന്ന, കുമ്പളങ്ങി, പെരുമ്പടപ്പ്, പള്ളുരുത്തി, തോപ്പുംപടി ബിഒടി പാലം, വില്ലിംഗ്ടണ്‍ ഐലന്റ്, അലക്സാണ്ടര്‍ പറമ്പിത്തറ പാലം, യുപി പാലം വഴി കുണ്ടന്നൂര്‍ ജംഗ്ഷന്‍ വന്ന് ഇടത്തോട്ട് തിരിഞ്ഞ് ദേശീയപാത 66 ല്‍ യാത്ര തുടരാം.

അമിതമായി ഉയരമോ വീതിയോ ഇല്ലാത്ത ലൈറ്റ്, മീഡിയം വാഹനങ്ങള്‍ ഇരു ദിശകളിലും ദേശീയപാതയില്‍ തന്നെ യാത്ര ചെയ്യാവുന്നതാണ്. വഴി തിരിച്ചു വിടുന്ന റോഡുകളില്‍ കൂടി ഇരു ദിശകളിലും കൂടി കടന്നുപോകുന്ന ചരക്കു വാഹനങ്ങള്‍ റോഡ് നശീകരണം വരുത്താതിരിക്കുവാന്‍ അമിതഭാരം ഒഴിവാക്കണം. ഇത് പരിശോധിച്ച് നടപടിയെടുക്കുവാന്‍ മോട്ടോര്‍ വാഹനവകുപ്പ്, പൊലീസ് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?