വീട്ടിൽ വൈദ്യുതി കട്ടായത് ശരിയാക്കാൻ ശ്രമിക്കുന്നതിനിടെ ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റു മരിച്ചു. കന്യാകുമാരിയിലാണ് സംഭവം. ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങൾ കുഴിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കനത്ത മഴയെ തുടർന്ന് വീട്ടിൽ വൈദ്യുതി കട്ടായതോടെ അത് ശരിയാക്കാൻ ഇറങ്ങിയതായിരുന്നു അശ്വിൻ. ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനിൽ തട്ടിയാണ് ശരിയാക്കാൻ ശ്രമിച്ചത്. ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയതോടെ അശ്വിന് ഷോക്കേൽക്കുകയായിരുന്നു.
കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാൻ ശ്രമിച്ചു. അശ്വിന് പിന്നാലെ ആതിരയും ഷോക്കേറ്റ് തറയിൽ വീണു. ഓടിവന്ന അമ്മ ചിത്ര ഇരുവരെയും രക്ഷിക്കാൻ നോക്കിയപ്പോളാണ് ഷോക്കേറ്റത്.