കോട്ടയം വടവാതൂരിലെ ഡംബിങ് യാര്‍ഡില്‍ എപ്പോള്‍ വേണമെങ്കിലും തീ പടര്‍ന്നേക്കാമെന്ന ആശങ്കയില്‍ പരിസരവാസികള്‍. ഡംബിങ് യാര്‍ഡ് അടച്ചു പൂട്ടിയിട്ട് പത്ത് വര്‍ഷം പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്തിട്ടില്ല.
30,000 ടണ്‍ മാലിന്യമാണ് വടവാതൂരില്‍ കെട്ടിക്കിടക്കുന്നത്. അതില്‍ 8000 ക്യുബിക് മീറ്റര്‍ മാലിന്യം നീക്കം ചെയ്യാന്‍ മാത്രമാണ് നഗരസഭ കരാര്‍ നല്‍കിയിട്ടുള്ളു. ചൂട് കൂടിയാല്‍ മാലിന്യത്തില്‍ തീ പടരുമോ എന്നാണ് ആശങ്ക.
മഴ പെയ്താല്‍ മാലിന്യം കലങ്ങിയ കറുത്ത ജലം വടവാതൂരില്‍ ഒഴുകും. വേര്‍തിരിക്കലും സംസ്‌കരണവും പരാജയപ്പെട്ടതോടെയാണ് ഈ മാലിന്യ പ്ലാന്റ് ഡംബിങ് യാര്‍ഡായത്. ജനങ്ങളുടെ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ 2013 ഡിസംബര്‍ 31ന് ആയിരുന്നു മാലിന്യ പ്ലാന്റ് അടച്ചത്.
അതേസമയം, ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി പിഴ ചുമത്തിയിരുന്നു. 12 ദിവസത്തോളം നീണ്ട പരിശ്രമത്തിന് ഒടുവിലായിരുന്നു ബ്രഹ്‌മപുരത്തെ തീയും പുകയും അണയ്ക്കാന്‍ സാധിച്ചത്.