പാതിവില തട്ടിപ്പ്; സ്‌കൂട്ടർ ലഭിക്കാനുള്ളത് 31,000 പേർക്ക്, അനന്തു കൃഷ്ണനുള്ളത് 230 കോടി രൂപയുടെ ബാധ്യത

പാതിവില തട്ടിപ്പ് കേസിൽ സ്‌കൂട്ടർ ലഭിക്കാനുള്ളത് 31,000 പേർക്ക്. 230 കോടി രൂപയുടെ ബാധ്യതയാണ് നിലവിൽ മുഖ്യപ്രതിയായ അനന്തു കൃഷ്ണനുള്ളത്. പകുതി വിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നു പറഞ്ഞ് വാങ്ങിയ പണംകൊണ്ട് പ്രതി ലാപ്ടോപ്പുകളും തയ്യൽമെഷീനും നൽകിയിട്ടു ണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

60ഓളം ജീവനക്കാരുണ്ടായിരുന്നതായും ഇവർക്ക് ശമ്പളം, ഹൈക്കോടതി ജങ്ഷനിലെ രണ്ട് ഫ്‌ലാറ്റുകളുടെ വാടക, ഓഫീസ് മുറികളുടെ വാടക, ഇരുചക്രവാഹന വിതരണ ചടങ്ങുകളുടെ പ്രചാരണം എന്നിവയ്ക്കായി 60 കോടിയോളം രൂപ ചെലവഴിച്ചതായും കണ്ടെത്തി. കൂടുതൽ ചോദ്യംചെയ്യലിനായി മുഖ്യ പ്രതി അനന്തുകൃഷ്ണനെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങി.

തട്ടിപ്പുമായി ബന്ധപ്പെട്ട് കോതമംഗലത്ത് രജിസ്റ്റർ ചെയ്ത കേസിൽ കോടതി അനുമതിയോടെ അനന്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് വിശദമായ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. വ്യാഴാഴ്ച രാവിലെ തിരികെ കോടതിയിൽ ഹാജരാക്കണം. തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ബാങ്ക് ഇടപാടുകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ അനന്തു നടത്തിയിട്ടുള്ളത്. 50,000ത്തിനടുത്ത് ആളുകൾ വിവിധ പദ്ധതികൾക്കായി പണം നൽകിയിട്ടുണ്ട്. 18,000ത്തോളം സ്‌കൂട്ടറുകൾ അനന്തുവും സംഘവും കൈമാറി.

ലാപ്ടോപ്പ്, തയ്യൽ മെഷീൻ, രാസവളം എന്നിവയ്ക്കും പണം നൽകിയവർ നിരവധിയാണ്. ലഭിച്ച പണം അപേക്ഷകരല്ലാത്തവർക്ക് ബാങ്ക് വഴിയും അല്ലാതെയും കൈമാറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചില ഇടപാടുകളിൽ അനന്തു നേരത്തേ നൽകിയ വിശദീകരണം തൃപ്തികരമല്ലായിരുന്നു. സംശയങ്ങൾ ബാക്കി നിൽക്കുന്നതിനാൽ അനന്തുവിന്റെ സാന്നിധ്യത്തിൽ അക്കൗണ്ട് ഇടപാടുകൾ പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

ഇതോടൊപ്പം അനന്തുകൃഷ്ണന്റെ സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നീക്കവും ക്രൈംബ്രാഞ്ച് തുടങ്ങി. ഇതിനുള്ള റിപ്പോർട്ട് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയിട്ടുണ്ട്. കുടയത്തൂരിൽ അഞ്ചിടത്ത് അനന്തുകൃഷ്ണൻ ഭൂമി വാങ്ങിയതായി കണ്ടെത്തിയിരുന്നു.