വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാൻ മലയാളികൾ നടത്തിയ പ്രയത്നം ആർഎസ്എസിനുള്ള കേരളത്തിന്റെ മറുപടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അബ്ദുൾ റഹീമിനായി മലയാളികൾ ജാതി-മത ഭേദമന്യേ ഒരുമിച്ച് നിന്നുവെന്നും ഏതാനും ദിവസങ്ങൾക്കൊണ്ടാണ് 34 കോടി മലയാളികൾ സ്വരൂപിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോഴിക്കോട് ബീച്ചിൽ നടന്ന യുഡിഎഫ് മഹാറാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
കേരളത്തിന്റെ സംസ്ക്‌കാരം സമീപ കാലത്ത് ഉണ്ടായതല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമല്ല. തച്ചുടക്കാൻ കഴിയാത്ത സംസ്കാരമാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിലുള്ളവർ ഒറ്റക്കെട്ടായി പ്രതിരോധിച്ചുവെന്നും കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കേരളിയരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപിയുടെ സങ്കൽപം. അതെങ്ങനെ നമ്മുടെ രാജ്യത്തിൻ്റെത് ആകും? ജന്മം നൽകിയ നാട്ടിൽ നിന്ന് ജാതിയുടെയും മതത്തിൻ്റെയും പേര് പറഞ്ഞ് ഒരാളെയും നാടുകടത്താൻ ഇന്ത്യാ സഖ്യം സാമ്മതിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ ഫാസിസത്തിൽ നിന്ന് രക്ഷിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
അതേസമയം അബ്ദുൽ റഹീമിന്റെ കേസിൽ ദയാധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹര്‍ജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു.