എകെജി സെന്റര്‍ ആക്രമണത്തില്‍ ഫോറന്‍സിക് വിഭാഗം പ്രാഥമിക പരിശോധനാഫലം പൊലീസിന് കൈമാറി. ഏറുപടക്കത്തിന്റെ സ്വഭാവമുള്ള സ്‌ഫോടക വസ്തുവാണ് എറിഞ്ഞത്. ഇതിന് വീര്യം കുറവാണ്. ഉഗ്ര സ്‌ഫോടന ശേഷിയില്ലാത്ത വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവ സ്ഥലത്ത് നിന്ന് ഫോറന്‍സികിന് ഗണ്‍ പൊഡറിന്റെ അംശം മാത്രമാണ് ലഭിച്ചത്. ലോഹച്ചീളുകളോ, കുപ്പിച്ചില്ലുകളോ ഒന്നും സ്‌ഫോടകവസ്തുവിന് ഒപ്പം ഉപയോഗിച്ചിട്ടില്ല. അക്രമണം നടന്ന സ്ഥലത്ത് നിന്ന് ശേഖരിച്ച രാസ വസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലൂമിനിയം പൗഡര്‍ എന്നിവ കണ്ടെത്തി. ഇത് വീര്യം കുറഞ്ഞ സ്ഫോടക വസ്തു നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളാണെന്നും പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിയിലെ എക്സപ്ലോസീവ് വിഭാഗമാണ് പ്രാഥമിക പരിശോധന നടത്തിയത്. ശേഖരിച്ച സാമ്പിളുകള്‍ വിശദ പരിശോധന നടത്തുന്നതിനായി കോടതി മുഖേന ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ കൈമാറി. ഒരാഴ്ച്ചക്കകം അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
അതേസമയം ആക്രമണം നടന്ന് ആറ് ദിവസമാകുമ്പോഴും ഇതുവരെ പൊലീസിന് പ്രതിയെ കണ്ടെത്താനായിട്ടില്ല. എഡിജിപിയും കമ്മീഷണറും 4 ഡിവൈഎസ്പിമാരും അടക്കം 17 പേരടങ്ങുന്ന സംഘം ശക്തമായ അന്വേഷണമാണ് നടത്തുന്നത്. കോണ്‍ഗ്രസാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം.