'സംഘി- കമ്മി പ്രൊഫൈലുകൾ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു'; വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് എതിരെ നിയമ നടപടിയെന്ന് ടി.എൻ പ്രതാപൻ

മദ്യപിച്ച് പെരുമാറിയെന്ന രീതിയിൽ തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നതിനെ നിയമപരമായി നേരിടുമെന്ന് ടി.എൻ പ്രതാപൻ എംപി. ഞാൻ മദ്യലഹരിയിൽ നില കിട്ടാതെ ആടുകയായിരുന്നുവെന്നുമൊക്കെ എഴുതിച്ചേർത്തവരോട് എനിക്കൊന്നും പറയാനില്ല. സഹതാപം മാത്രമെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

നാട്ടിക എസ്.എൻ കോളജിൽ പഠിക്കുന്ന കാലം മുതൽ എന്നെയറിയുന്നവർക്കറിയാം, വെളുക്കെ ചിരിച്ച് കടന്നു പോകുന്ന ഒരു പൊതുപ്രവർത്തകനല്ലായിരുന്നു ഞാൻ. പരിചയപ്പെട്ടവർക്കെല്ലാം ഒരു സ്‌നേഹസ്പർശമെങ്കിലും നൽകി മനസ്സു തൊട്ടാണ് ഞാൻ ജനങ്ങളെ അറിഞ്ഞും അവരെ മനസ്സിലാക്കിയും കടന്നു വന്നത്. തോളിൽ തട്ടിയും സ്വതസിദ്ധമായ കൈ കൊണ്ടുള്ള കുഞ്ഞിടി നൽകിയും തോളിൽ കൈയിട്ടും നെഞ്ചോടു ചേർത്തുമാണ് ഞാനെന്റെ തൃശൂർക്കാരെ അറിഞ്ഞതും അവരിലൊരാളായതും. അത്തരത്തിലൊരു സൗഹൃദ നിമിഷത്തെ ഇത്രയേറെ വക്രീകരിച്ച് ചിത്രീകരിച്ചും ഞാൻ മദ്യലഹരിയിൽ നില കിട്ടാതെ ആടുകയായിരുന്നുവെന്നുമൊക്കെ എഴുതിച്ചേർത്തവരോട് എനിക്കൊന്നും പറയാനില്ലെന്ന് അദ്ദേഹം കുറിച്ചു.

സംഘി- കമ്മി പ്രൊഫൈലുകളാണ് ഈ വീഡിയോ ആഘോഷിക്കുന്നത്. വ്യാജ ഐഡികൾ മുതൽ യഥാർത്ഥ അക്കൗണ്ടുകൾ വരെയുണ്ട് അക്കൂട്ടത്തിൽ. ഫെയ്സ്ബുക്കിലും ഇൻസ്റാഗ്രാമിലും വാട്സാപ്പിലും ട്വിറ്ററിലും വരെ ഈ പ്രചാരണം കണ്ടു. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹിക മാധ്യമങ്ങളിൽ ഇതാഘോഷിച്ചവരും എന്റെ സാമൂഹിക മാധ്യമ ഇടങ്ങളിൽ സൈബർ ബുള്ളിയിംഗ് നടത്തിയവർ വരെയുള്ള മുഴുവൻ ആളുകൾക്കും വേറെ വേറെ പരാതികൾ നൽകി വരികയാണ്. തന്റെ നിലപാടുകളിൽ നിന്ന് പേടിപ്പിച്ചു പിന്തിരിപ്പിക്കാനാവില്ലെന്നും നമുക്ക് കാണാം എന്നും ടി.എം പ്രതാപൻ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ്

എനിക്കെതിരെ ഒരു വീഡിയോ എന്നെ അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു! ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടക്കുന്ന എൻ്റെ രണ്ടാമത്തെ പുസ്തകമായ “ഭ്രാന്ത് പെരുകുന്ന കാല”ത്തിൻ്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാനായാണ് ഞാനും കുടുംബവും യു.എ.ഇയിൽ എത്തിയത്.

ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന എൻ്റെ രക്ഷാകർത്തൃത്വത്തിൽ ഉള്ള മുഹമ്മദുണ്ണി അലുങ്ങലിൻ്റെ നേതൃത്വത്തിലുള്ള എംപീസ് പ്രവാസി കെയറിൻ്റെ കീഴിൽ വിദ്യാഭ്യാസ നേട്ടം കൈവരിച്ച തൃശൂർകാരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകുന്ന ഒരു ചടങ്ങിൽ കൂടി പങ്കെടുക്കാനായിരുന്നു യാത്ര.ഈ പ്രോഗ്രാമിനു ശേഷം ഞാൻ നാട്ടിലേക്കു മടങ്ങുന്നതിനു തൊട്ടുമുമ്പ് രാത്രി പ്രവാസി കെയറിൻ്റെ ഒരു എക്സിക്യൂട്ടീവ് കമ്മറ്റി യോഗം മുഹമ്മദുണ്ണിയുടെ അധ്യക്ഷതയിൽ എൻ്റെ സാന്നിദ്ധ്യത്തിൽ കരാമയിലെ അൽ-മിഖാത് ഹോട്ടലിൽ വെച്ച് ചേരുകയുണ്ടായി. 30 ഓളം പേരുള്ള എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിനു ശേഷം ഭക്ഷണവും കഴിച്ചാണ് ഞങ്ങൾ പിരിഞ്ഞത്.

ആ ഹോട്ടലിലേക്ക് കടന്നു വന്ന ഓരോ മലയാളിയും എൻ്റെയടുത്തു വരികയും പരിചയപ്പെടുകയും ചേർന്നു നിൽക്കുകയും ഷേക്ക് ഹാൻഡ് ചെയ്യുകയുമെല്ലാം ചെയ്തിരുന്നു. അവരെയെല്ലാം ചേർത്തു പിടിച്ചും കുശലം പറഞ്ഞുമാണ് ഞാൻ തിരികെ പോന്നത്. നാട്ടിക എസ്.എൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ എന്നെയറിയുന്നവർക്കറിയാം, വെളുക്കെ ചിരിച്ച് കടന്നു പോകുന്ന ഒരു പൊതു പ്രവർത്തകനല്ലായിരുന്നു ഞാൻ. പരിചയപ്പെട്ടവർക്കെല്ലാം ഒരു സ്നേഹസ്പർശമെങ്കിലും നൽകി മനസ്സു തൊട്ടാണ് ഞാൻ ജനങ്ങളെ അറിഞ്ഞും അവരെ മനസിലാക്കിയും കടന്നു വന്നത്. തോളിൽ തട്ടിയും സ്വതസിദ്ധമായ കൈ കൊണ്ടുള്ള കുഞ്ഞു ഇടി നൽകിയും തോളിൽ കയ്യിട്ടും നെഞ്ചോടു ചേർത്തുമാണ് ഞാനെൻ്റെ തൃശൂർക്കാരെ അറിഞ്ഞതും അവരിലൊരാളായതും.
അത്തരത്തിലൊരു സൗഹൃദ നിമിഷത്തെ ഇത്രയേറെ വക്രീകരിച്ച് ചിത്രീകരിച്ചും ഞാൻ മദ്യലഹരിയിൽ നില കിട്ടാതെ ആടുകയായിരുന്നുവെന്നുമൊക്കെ എഴുതിച്ചേർത്തവരോട് എനിക്കൊന്നും പറയാനില്ല. സഹതാപം മാത്രം. ടി. സിദ്ദിഖിനെ ഇതുപോലെ ഇരയാക്കിയതാണ് ഓർമ വരുന്നത്.

തളിക്കുളം സ്കൂളിലെ കെ.എസ്.യു.പ്രവർത്തകനായിരുന്ന നാളുകൾ മുതൽ മദ്യവിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ചരിത്രമാണ് എൻ്റേത്. കോളേജിൽ പഠിക്കുമ്പോൾ അഴിമാവ് മദ്യഷാപ്പിനെതിരായ സമരത്തിൽ എം.പി മന്മഥൻ സാറിനൊപ്പവും കുമാരപിള്ള സാറിനൊപ്പവും പങ്കെടുത്തിട്ടുള്ള ആളാണ്. വിദ്യാർത്ഥിയായിരിക്കേ ചെറിയാൻ ഫിലിപ്പിൻ്റെ നേതൃത്വത്തിൽ “ചാരായമേ വിട..” എന്ന നാടകം കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിച്ച് മദ്യ വ്യാപാരികളിൽ നിന്നും മർദ്ദനമേറ്റുവാങ്ങി തൃശൂർ ജില്ലാ ആശുപത്രിയിൽ കിടന്നയാളാണ് ഞാൻ. എന്നും നിർഭയം ഞാനെൻ്റെ നിലപാടുകൾക്കൊപ്പം നിന്നിട്ടുണ്ട്. കേരളത്തിലെ സർക്കാറുകളുടെ മദ്യനയങ്ങൾക്കെതിരെ ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചയാൾ കൂടിയാണ് ഞാൻ.

സംഘി-കമ്മി പ്രൊഫൈലുകളാണ് ഈ വീഡിയോ ആഘോഷിക്കുന്നത്. വ്യാജ ഐഡികൾ മുതൽ യഥാർത്ഥ അക്കൗണ്ടുകൾ വരെയുണ്ട് അക്കൂട്ടത്തിൽ. ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും വാട്സാപ്പിലും ട്വിറ്ററിലും വരെ ഈ പ്രചരണം കണ്ടു. ഇത് പ്രചരിപ്പിച്ചവരടക്കം സാമൂഹ്യ മാധ്യമങ്ങളിൽ ഇതാഘോഷിച്ചവരും എന്റെ സാമൂഹ്യ മാധ്യമ ഇടങ്ങളിൽ സൈബർ ബുള്ളിയിങ് നടത്തിയവർ വരെയുള്ള മുഴുവൻ ആളുകൾക്കും വേറെ വേറെ പരാതികൾ നൽകി വരികയാണ്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ സംബന്ധിച്ച പരാതി ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും നൽകി. ഈ വീഡിയോ ആദ്യമായി പ്രചരിപ്പിച്ച അനി പൂജപ്പുര എന്ന അക്കൗണ്ട് അടക്കമുള്ള അക്കൗണ്ടുകൾ ഈ പോസ്റ്റ് ഇപ്പോൾ കളഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നത് കാണുന്നു. ഇത് ഷെയർ ചെയ്തവർ മുതൽ ഏതെങ്കിലും തരത്തിൽ ആഘോഷിച്ച എല്ലാവർക്കും നടപടി നേരിടേണ്ടി വരും.

സാമൂഹ്യ മാധ്യമങ്ങളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളല്ല ഞാൻ. കഴിഞ്ഞ തിരഞ്ഞെടുപ്പിലടക്കം സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് പ്രചരണം നടത്താൻ പലരും ഉപദേശിച്ചപ്പോൾ ജനങ്ങൾക്കിടയിൽ ഇറങ്ങി ഞാൻ 2001 മുതൽ സാമ്പ്രദായികമായ രീതിയിൽ എന്റേതായ രൂപത്തിൽ നടത്തിവരുന്ന പ്രചരണ പരിപാടികൾ നടത്തിയ ആളാണ് ഞാൻ. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ട്വിറ്ററും മറ്റുമൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ എന്നു കരുതും. എന്നാലും കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാൻ മടിയുമില്ല. അതുകൊണ്ടു തന്നെ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ എനിക്ക് സാന്നിധ്യമുണ്ട്. ഇതിൽ ഫേസ്ബുക്കിലെ പേജ് വെരിഫൈഡ് ആൺ; കൂട്ടത്തിൽ കൂടുതൽ സജീവമാകുന്നതും ഈ ഇടത്തിൽ തന്നെ.

വളരെ പ്രധാനപ്പെട്ട ദേശീയ-അന്തർദേശീയ വിഷയങ്ങളും സാമൂഹിക പ്രാധാന്യമുള്ള കാര്യങ്ങളും മാനവികതയെ കുറിച്ച ആലോചനകളുമൊക്കെയാണ് ഞാൻ സാധാരണയിൽ എന്റെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചുപോരുന്നത്. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിലും മറ്റും രാഷ്ട്രീയ വിമർശനങ്ങൾക്കും ഒട്ടും മടിക്കാറില്ല. എന്നാൽ സൈബർ ബുള്ളിയിങ് ഒരു തൊഴിലായി സ്വീകരിച്ച സംഘപരിവാറുകാർ അങ്ങേയറ്റം മോശമായ രീതിയിലാണ് എന്റെ പേജിൽ ഇടപെടുന്നതെന്ന് ഞാൻ നിരീക്ഷിക്കാൻ തുടങ്ങിയിട്ട് കുറച്ചായി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരമടക്കമുള്ള വിഷയങ്ങളിൽ വ്യാജ പ്രചരണം ഇപ്പോഴും തുടരുന്നത് ശ്രദ്ധയിൽ പെട്ടു. ഇങ്ങനെ 2001ലും 2006ലും 2011ലും തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ കേട്ടതും കണ്ടതുമായ അടിസ്ഥാന രഹിതമായ ആരോപങ്ങൾ ഇപ്പോഴും പ്രചരിപ്പിക്കുന്നവരുമുണ്ട്. എന്നെയും എന്റെ വീട്ടുകാരെയും എന്റെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും നേതാക്കളെയും വളരെ മ്ലേച്ഛമായ രീതിയിൽ അവതരിപ്പിക്കുന്ന ശാഖാ സംസ്കാരമാണ് പലപ്പോഴും എന്റെ പോസ്റ്റുകൾക്ക് താഴെ. കഴിഞ്ഞ കുറച്ചുകാലമായി അത്തരത്തിൽ എന്റെ കമന്റ് ബോക്സിലും ഇൻബോക്സിലും തെറിവിളിയും വിദ്വേഷ പ്രചരണവും നടത്തുന്നവരെ കൃത്യമായി അടയാളപ്പെടുത്തി വരികയായിരുന്നു. പലരും ഫേക്ക് ഐഡികൾ ഉപയോഗിച്ചാണ് അവരവരുടെ സംഘടനാ സംസ്കാരം കാണിക്കുന്നത്. പലരുടെയും ഐ പി അഡ്രസുകൾ ഇന്ത്യക്ക് പുറത്താണെന്നും മനസ്സിലാക്കി.

നമ്മുടെ സംവാദ സംസ്കാരവും ചർച്ചാ ഇടങ്ങളും സൈബർ ഇടങ്ങളിലേക്ക് മാറിയപ്പോൾ അവിടെ ഏറ്റവും വൃത്തിഹീനമായ രൂപത്തിൽ അത് നശിപ്പിച്ച കാര്യത്തിൽ ആരാണ് ഉത്തരവാദി? ലിംഗ-മത-ജാതി-വർണ്ണ സംബന്ധിയായ തെറികളും ആക്ഷേപങ്ങളും ഇല്ലാതെ സൈബർ ഇടങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് വിചാരിക്കുന്ന അണികളെ ഉണ്ടാക്കി വിടുന്ന ശാഖാ-പാർട്ടി സംസ്കാരങ്ങൾ നിർത്തണം. എന്തായാലും കഴിഞ്ഞ ദിവസത്തെ വീഡിയോ പ്രചാരണം തുടങ്ങി ഞാൻ നേരത്തെ പറഞ്ഞ മുഴുവൻ സൈബർ ബുള്ളിയിങ്ങുകളെയും ശരിക്കും നേരിടാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് എല്ലാവരെയും ചിലതൊക്കെ പഠിപ്പിക്കാൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം വിഷയങ്ങൾ പല ഭാവത്തിലും രൂപത്തിലും കണ്ടിട്ട് തന്നെയാണ് ഇതുവരെയെത്തിയത്. ആർക്കും എന്റെ നിലപാടുകളിൽ നിന്ന് എന്നെ പേടിപ്പിച്ചു പിന്തിരിപ്പിക്കാനാവില്ല. നമുക്ക് കാണാം!

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം