കൊല്ലം ഡി.സി.സി പ്രസിഡന്റിനെ നിയമിക്കുന്നതിനെ ചൊല്ലി കോൺഗ്രസിൽ പോസ്റ്റർ വിവാദം. കൊടിക്കുന്നിൽ സുരേഷ് എംപിക്കെതിരെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
പുതിയ ഡിസിസി പ്രസിഡൻ്റായി കെപിസിസി സെക്രട്ടറി രാജേന്ദ്രപ്രസാദിനെ നിർദ്ദേശിച്ചതിൽ പ്രതിഷേധിച്ചാണ് കൊടിക്കുന്നിലിനെതിരെ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കോൺഗ്രസിന്റെ പേരിൽ തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന് ഡിസിസി പ്രസിഡന്റിനെ തീരുമാനിക്കാൻ എന്ത്‌കാര്യം?. പോടാ പോത്തൻകോടുകാരാ.. സിറ്റി മണിയന്റെ കുണ്ടന്നൂർ പണി കൊല്ലത്ത് വേണ്ട – എന്നിങ്ങനെയാണ് പോസ്‌റ്ററുകൾ.
കൊടിക്കുന്നിലിന് പിരിവ് നടത്താനുളള തറവാട് സ്വത്തല്ല ഡിസിസി അധ്യക്ഷ പദമെന്നാണ് പോസ്റ്ററിലെ വിമർശനം. രാജേന്ദ്ര പ്രസാദ് പടുകിഴവനാണെന്ന പരിഹാസവും പോസ്റ്ററിലുണ്ട്.
സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരാണ് പോസ്റ്ററുകൾക്ക് പിന്നിലെന്നും ഓല പാമ്പിനെ പേടിക്കില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറിയായ രാജേന്ദ്രപ്രസാദ് കൊടിക്കുന്നിലിന്റെ ഇടപെടലിനെ തുടർന്നാണ് ഡി സി സി പ്രസിഡന്റ് പട്ടികയിൽ ഇടം പിടിച്ചത്. രാജേന്ദ്രപ്രസാദിനെ ഡിസിസി അധ്യക്ഷൻ ആക്കുന്നതിൽ എ, ഐ ഗ്രൂപ്പുകൾ എതിർപ്പുണ്ട്.