പള്ളികളെ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. ഇടത് സര്‍ക്കാരിന്റെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്ക് എതിരെ വെള്ളിയാഴ്ച പള്ളികളില്‍ ബോധവത്കരണം നടത്തുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രഖ്യാപത്തിനെതിരെയാണ് കെ.ടി ജലീൽ വിമർശനവുമായി രംഗത്തെത്തിയത്. ലീഗ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ഹൈദരാലി തങ്ങള്‍ ഇടപെട്ട് പിന്‍വലിപ്പിക്കണം എന്നും ജലീല്‍ പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പളളികളില്‍ ബോധവത്കരണം നടത്താമെന്ന മുസ്ലിം ലീഗ് പ്രഖ്യാപിച്ചിരുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയ പാര്‍ട്ടിയാണ് മതസംഘടനയല്ലെന്ന് കെ.ടി ജലീല്‍ ഓര്‍മ്മിപ്പിച്ചു. ഇന്ന് ലീഗ് ചെയ്താല്‍ നാളെ ക്ഷേത്രങ്ങളില്‍ ബിജെപിയും സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തും. മുസ്ലിം ലീഗിന് കീഴില്‍ പള്ളികള്‍ ഇല്ല എന്ന് ഓര്‍ക്കണം. ആരാധനാലയങ്ങളെ രാഷ്ട്രീയ സമരങ്ങളുടെ വേദി ആക്കി മാറ്റരുത് എന്നും കെ.ടി.ജലീല്‍ പറഞ്ഞു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ പള്ളികളില്‍ പ്രചാരണം നടത്തുമെന്ന് സമസ്ത അറിയിച്ചു. സമസ്തയുടെ കാര്യങ്ങളില്‍ കെ.ടി ജലീല്‍ എം.എല്‍.എ ഇടപെടേണ്ട എന്ന് അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. വിശ്വാസികളെ ബോധവത്കരിക്കുക എന്ന കടമ നിര്‍വഹിക്കും എന്നും അദ്ദേഹം അറിയിച്ചു.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി ബന്ധപ്പെട്ടവരുമായി സംസാരിക്കും. സമൂഹത്തിന്റെ ബഹുസ്വരതയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം നല്‍കരുത്. പള്ളികളില്‍ പ്രതിഷേധം നടത്തുമെന്ന് പറയുന്നവര്‍ ഇത് ശ്രദ്ധിക്കണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടിയില്‍ മുസ്‌ലിം ലീഗ് ദുഷ്പ്രചാരണം നടത്തുകയാണ് എന്ന് ഐ.എന്‍.എല്‍ ആരോപിച്ചു. നടപടി മുസ്‌ലിം വിരുദ്ധമാണെന്ന് ലീഗ് വരുത്തിത്തീര്‍ക്കുകയാണ്. ആരാധനാലയങ്ങളില്‍ രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ഭരണഘടനാവിരുദ്ധമാണ് എന്നും കാസിം ഇരിക്കൂര്‍ പറഞ്ഞു.