'40-ലേറെ തവണ ഹാജരായിട്ടും ഒരു രൂപ പോലും നല്‍കിയില്ല'; മധു വധക്കേസില്‍ സര്‍ക്കാരിന് എതിരെ പ്രോസിക്യൂട്ടര്‍

അട്ടപ്പാടി മധു വധക്കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് സര്‍ക്കാര്‍ പണം നല്‍കിയില്ലെന്ന് പരാതി. ഒരു ലക്ഷത്തിലധികം രൂപ കേസിലെ നാലാമത്തെ പബ്ലിക് പ്രോസിക്യൂട്ടറായെത്തിയ രാജേഷ് എന്‍. മേനോന്‍ കൈയില്‍ നിന്നും ചെലവാക്കിയിട്ടും പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 40ലേറെ തവണ ഹാജരായിട്ടും ഒരു രൂപപോലും നല്‍കിയിട്ടില്ലെന്നാണ് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടുന്നത്.

240 രൂപയാണ് അഭിഭാഷകന് ഒരു ദിവസത്തെ ഫീസ്. ഈ പണം പോലും സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കലക്ടര്‍ക്ക് കത്തുനല്‍കിയിരിക്കുകയാണ്. ഫീസ് ലഭികാത്തതിനെ തുടര്‍ന്ന് അഭിഭാഷകര്‍ നേരത്തെ കേസില്‍ നിന്നും പിന്‍മാറിയിരുന്നു.

അതേസമയം, മധുവധക്കേസില്‍ 11 പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. 11ാം പ്രതി അബ്ദുല്‍ കരീമിന് മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റേതാണ് വിധി.

മരയ്ക്കാര്‍, അനീഷ്, ഷംസുദ്ദീന്‍, ബിജു, സിദ്ദിഖ് തുടങ്ങി 12 പ്രതികളാണ് വിചാരണ കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറിയിരുന്നു. 46ാം സാക്ഷി ലത്തീഫ് ആണ് കൂറുമാറിയത്.