യൂണിഫോമിന്റെ പേരില്‍ വസ്ത്രം അടിച്ചേല്‍പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത് സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. ഇത്തരത്തില്‍ വസ്ത്രങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ലിംഗ സമത്വത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. എം കെ മുനീറിന്റെ പരാമര്‍ശത്തെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പാന്റ് തന്നെ ഇടണമെന്ന് എങ്ങനെ പറയാനാകും. ഇക്കാര്യത്തില്‍ പ്രസക്തമായ ചോദ്യമാണ് മുനീര്‍ ഉയര്‍ത്തിയത്. അദ്ദേഹം പുരോഗമന നിലപാടുള്ള നേതാവാണെന്നും സതീശന്‍ പറഞ്ഞു. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ സ്‌കൂളുകളില്‍ മതനിഷേധം നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നായിരുന്നു മുനീറിന്റെ ആരോപണം.
അതേസമയം അട്ടപ്പാടി മധുകേസ് സര്‍ക്കാര്‍ പൂര്‍ണമായും അട്ടിമറിച്ചുവെന്നും സതീശന്‍ ആരോപിച്ചു. സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറുകയാണ്. നാലാമത്തെ പ്രോസിക്യൂട്ടര്‍ ആണ് നിലവിലുള്ളത്. പ്രതികള്‍ക്ക് സിപിഎം ബന്ധമുള്ളതിനാല്‍ സര്‍ക്കാരും പൊലീസും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേസ് നടത്തിപ്പില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് ഉണ്ടാകുന്നത്. വാളയാര്‍ മോഡല്‍ ആവര്‍ത്തിക്കുമെന്ന് ആശങ്കയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസില്‍ പത്ത് സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. അതേസമയം ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.