തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡോ. ജോ ജോസഫിനെ നിശ്ചയിച്ചതിന് പിന്നാലെ സിറോ മലബാര്‍ സഭയില്‍ വിവാദം കൊഴുക്കുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഡോ. ജോ ജോസഫ് അദ്ദേഹം ജോലി ചെയ്യുന്ന ലിസി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനമാണ് വിവാദത്തിന് അടിസ്ഥാനം. സിറോ മലബാര്‍ സഭയുടെ സ്ഥാപനമായ ലിസി ആശുപത്രിയില്‍ വച്ച് സ്ഥാനാര്‍ത്ഥി മാധ്യമങ്ങളെ കണ്ടത് തെറ്റായ നടപടിയാണെന്ന് സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട് ആരോപിച്ചു.
ലിസി ആശുപത്രിയെ ഇത്തരം ഒരു പരിപാടിക്ക് വേദിയാക്കിയത് തെറ്റാണ്. സഭ സ്ഥാപനത്തിന്റെ ചിഹ്നങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉപയോഗിച്ചത് സ്ഥാനാര്‍ത്ഥിക്ക് ദോഷം ചെയ്തേക്കും സഭയുടെ നേതാക്കന്‍മാര്‍ രാഷ്ട്രീയ മായ സ്വകാര്യ ബന്ധത്തില്‍ ഇടപെടുന്നത് വര്‍ധിച്ചതായി തോന്നിയിട്ടുണ്ട്. ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ സഭയുടെ സ്ഥാപനത്തിന്റെ മണ്ഡലം ഉപയോഗിക്കുന്നതും, സഭയിലെ അംഗങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നതും അത്ര നല്ല പ്രവണതയല്ല. അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഇടങ്ങള്‍ തെരഞ്ഞെടുക്കണം. അതിന് മതപരമായ വ്യാഖ്യാനങ്ങള്‍ വരുന്നത് സ്ഥാനാര്‍ത്ഥിയെ പ്രതികൂലമായി ബാധിക്കും. അത്തരത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കണമായിരുന്നു. സംഭവിച്ചത് യാദൃശ്ചികമായിരിക്കാം. എന്നാല്‍ അത് അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടണം എന്നില്ല. വാര്‍ത്താസമ്മേളനത്തിന്റെ ചിത്രങ്ങള്‍ ചില സന്ദേശം നല്‍കും. അത് സ്ഥാനാര്‍ത്ഥിക്ക് ഗുണകരമാവില്ലെന്ന ആശങ്കയുണ്ട്.
മതത്തിന്റെ സ്ഥാപനത്തിന്റെ ചിഹ്നങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു എന്നും ഫാ. പോള്‍ തേലേക്കാട് പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെ വാര്‍ത്താസമ്മേളനം ഒരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നു എങ്കില്‍ സെക്യുലര്‍ എന്നറിയപ്പെടുന്ന പാര്‍ട്ടി നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും എന്ന മുന്നറിയിപ്പും ഫാദര്‍ പോള്‍ തേലേക്കാട് ചൂണ്ടിക്കാട്ടുന്നു.
Read more
അതിനിടെ, തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ സഭയുടെ ഇടപെടല്‍ ഉണ്ടായെന്ന ആരോപണം തള്ളി സിറോ മലബാര്‍ സഭ രംഗത്തെത്തി. സ്ഥാപിത താല്‍പര്യക്കാര്‍ ബോധപൂര്‍വ്വം അടിസ്ഥാനരഹിതമായ പ്രചരണം നടത്തുകയാണെന്ന് സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. രാഷ്ട്രീയ നിലപാടുകള്‍ക്കനുസൃതമായി മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ അതില്‍ സഭയുടെ ഇടപെടല്‍ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കണം. സിറോ മലബാര്‍ സഭ പ്രസ്താവനയില്‍ പറഞ്ഞു.