കെ. റെയില്‍ പദ്ധതി; റിയല്‍ എസ്റ്റേറ്റ് ലാഭക്കച്ചവടവും അഴിമതിയുമാകാം ലക്ഷ്യം എന്ന് പ്രശാന്ത് ഭൂഷണ്‍

കെ റെയില്‍ പദ്ധതിയുടെ പേരില്‍ നഗരങ്ങളില്‍ നിന്ന് മാറിയുള്ള സ്റ്റേഷനുകള്‍ക്ക് സമീപം ഭൂമി വാങ്ങി റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് ലാഭക്കച്ചവടം നടത്താമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ പ്രശാന്ത് ഭൂഷണ്‍. യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കാര്യത്തില്‍ വന്‍കിട കരാറുകളുണ്ടാക്കി അഴിമതി നടത്താനും സാധിക്കുമെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള റെയില്‍ പാത 10,000 കോടി രൂപയ്ക്കു വികസിപ്പിച്ച് കഴിഞ്ഞാല്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാന്‍ കഴിയും. ഈ പദ്ധതി നിലവിലിരിക്കുമ്പോഴാണ് ഒരു ലക്ഷം കോടിയിലധികം രൂപയുടെ കെ റെയില്‍ പദ്ധതിക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വാശി പിടിക്കുന്നത്. പദ്ധതിക്ക് പലിശരഹിത വായ്പ എന്നത് വെറും വാക്കാണെന്നും വിദേശനാണ്യ വിനിമയ നിരക്കിലെ 56% വാര്‍ഷിക വര്‍ദ്ധന പരിഗണിച്ചാല്‍ തന്നെ വലിയ ബാദ്ധ്യതയുണ്ടാകുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

Read more

കേരളത്തിലെ കക്ഷിരാഷ്ട്രീയ, വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അതില്‍ നിന്ന് നേട്ടമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ ജനാധിപത്യം അതി ഗുരുതരമായ വെല്ലുവിളി നേരിടുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയും പ്രീണിപ്പിച്ചും വശത്താക്കുകയാണ്. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. സമൂഹ മാധ്യമങ്ങള്‍ക്കെതിരെ യുഎപിഎ ചുമത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. കോവിഡ് ഭീതിയെ മുതലെടുത്ത് മരുന്നു കമ്പനികള്‍ ലാഭം കൊയ്യുകയാണ്. മരുന്നു കമ്പനികള്‍ക്കും കുത്തകകള്‍ക്കും പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ നിലപാടുകളെ വരെ മാറ്റാന്‍ സാധിക്കുന്നു എന്നും പ്രശാന്ത് ഭൂഷണ്‍ മാധ്യമങ്ങളോട് പറഞ്ഞു.