ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ‘നെപ്പോളിയൻ’ വാഹനത്തിന്റെ രജിസ്ട്രേഷൻ മോട്ടോർ വാഹന വകുപ്പ് താത്കാലികമായി റദ്ദാക്കി. ആറ് മാസത്തേക്കാണ് രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത്.
വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി.
വാഹനത്തിൽ നിയമപ്രകാരമുള്ള മാറ്റങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളെന്നും ഇതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നുമായിരുന്നു ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ നിലപാട്.
ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. നിലവിൽ മൂന്ന് മാസത്തേക്കാണ് രജിസ്‌ട്രേഷൻ റദ്ദാക്കിയിട്ടുള്ളതെന്നാണ് കണ്ണൂരിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ഇ ബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ മോട്ടോർ വാഹന വകുപ്പ് കുറ്റപത്രം നൽകിയത്.