'ഇനിയൊരു സജീവന്‍ ഉണ്ടാവരുത്'; അന്വേഷണം ആവശ്യപ്പെട്ട് വിഡി സതീശന്‍

പറവൂര്‍ മാല്യങ്കരയില്‍ മത്സ്യത്തൊഴിലാളി സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ ക്രമക്കേടുകളെ കുറിച്ചും അന്വേഷണം നടത്തണം. ഇനിയൊരു സജീവന്‍ ഉണ്ടാകരുത് എന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഭൂമി തരം മാറ്റാനുള്ള അപേക്ഷയുമായി ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടും ഫലമുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് സജീവന്‍ ആത്മഹത്യ ചെയ്തത്. അധികൃതര്‍ക്കും സര്‍ക്കാരിനും എതിരെ കത്തെഴുതി വെച്ചിട്ടായിരുന്നു ആത്മഹത്യ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരന്തരം വലയ്ക്കുന്നതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്യുന്നത് എന്ന് ആത്മഹത്യ കുറിപ്പില്‍ പറയുന്നു. സാധാരണക്കാര്‍ക്ക് ഇവിടെ ജീവിക്കാന്‍ നിവൃത്തിയില്ല. എല്ലാത്തിനും കൈക്കൂലി കൊടുക്കേണ്ട സ്ഥിതിയാണ് എന്നും കുറിപ്പില്‍ പറയുന്നു. വ്യാഴാഴ്ച രാവിലെയാണ് വീട്ടു വളപ്പിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ സജീവനെ കണ്ടെത്തിയത്.

Read more

ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതിനായി ആധാരത്തില്‍ നിലം എന്നുള്ള അഞ്ച് സെന്റ് ഭൂമി പുരയിടം എന്നാക്കാനായി അപേക്ഷയുമായി സജീവന്‍ ഒരു വര്‍ഷത്തോളമായി വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിരുന്നു. പക്ഷേ ഫലമൊന്നും ഉണ്ടായില്ല. ഇക്കാര്യത്തിനായി ബുധനാഴ്ച ആര്‍ഡിഒ ഓഫിസിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ സജീവനെ അപമാനിച്ച് ഇറക്കി വിട്ടുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കരിക്കും.