‘സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകൾ’ എന്ന പേരിൽ എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. സി.എച്ച് മുഹമ്മദ് കോയയുടെ ചരമദിനത്തിന്റെ ഭാഗമായി സെപ്റ്റംബർ 28ന് കോഴിക്കോട് വെച്ചാണ് സെമിനാൽ സംഘടിപ്പിക്കുന്നത്.
വിവാദങ്ങൾക്ക് പിന്നാലെ പുതുതായി ചുമതലയേറ്റ ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു നടത്തുന്ന പ്രധാന പരിപാടിയാണ് സി.എച്ച് സെമിനാർ. പരിപാടിയുടെ പോസ്റ്റർ എം.എസ്.എഫ് കേരള സ്‌റ്റേറ്റ് കമ്മിറ്റി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് നൽകിയ കേസിൽ ഹരിത മുൻ ഭാരവാഹികൾ ഉറച്ചു നിന്നതിനെ തുടർന്നാണ് അവരെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നത്. തുടർന്ന് പുനഃസ്ഥാപിച്ച ഹരിത കമ്മിറ്റിയെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ച് വിട്ടതിന് പിന്നാലെ മുസ്ലിം ലീഗ്, എം.എസ്.എഫ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ‘ഹരിത’ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഗുരുതര അധിക്ഷേപങ്ങൾക്ക് വിധേയരായെന്നും രൂക്ഷമായ സൈബർ ആക്രമണമാണ് തങ്ങൾക്കെതിരെ നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പികെ നവാസ് തങ്ങളെ അപമാനിച്ചു. വേശ്യയ്ക്കും ന്യായീകരണം ഉണ്ടാകുമെന്നായിരുന്നു പി. കെ നവാസ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേജുള്ള പരാതിയാണ് പാർട്ടിക്ക് നൽകിയത്. അമ്പത് ദിവസം നേതൃത്വത്തിന്റെ തീരുമാനത്തിന് കാത്തിരുന്നു. എന്നാൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നും മുഫീദ് തസ്‌നി അടക്കമുള്ള നേതാക്കൾ വിശദീകരിച്ചു.
ഒരു സൈബർ ക്രിമിനലാണ് ഹരിതയെ നിയന്ത്രിക്കുന്നത് എന്നാണ് സ്റ്റേറ്റ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ എം.എസ്.എഫ് പ്രസിഡൻറ് പറഞ്ഞത്. ഹരിത നേതാക്കളുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വരെ ഇദ്ദേഹമാണ് നിർമ്മിക്കുന്നത്, ഞങ്ങൾ അടക്കമുള്ള പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും വരെ അദ്ദേഹത്തിൻെറ കൈയിലുണ്ട് എന്നെല്ലാം പറഞ്ഞു. ഇതെല്ലാം കേട്ട് ഞങ്ങൾക്ക് പ്രതികരിക്കാതിരിക്കാനായില്ല -നജ്മ തബ്ഷീറ പറഞ്ഞു.
എന്നാൽ ഹരിത സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുസ്ലിം ലീഗിന് തെറ്റുപറ്റിയിട്ടില്ലെന്നാണ് ഹരിതയുടെ പുതിയ ജനറൽ സെക്രട്ടറി റുമൈസ റഫീഖ് പറഞ്ഞത്. പാർട്ടിയെ വിശ്വാസമാണെന്നും പാർട്ടിക്ക് തെറ്റ് പറ്റിയില്ലെന്നും റുമൈസ ആവർത്തിച്ചു. ഹരിതയിലെ വിവാദവുമായി ബന്ധപ്പെട്ട് ലീഗ് ഉന്നതധികാരികൾ റിപ്പോർട്ട് തേടുകയും അതിന് അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും അവർ പറഞ്ഞു.
Read more
എം.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷൻ പി.കെ നവാസിനെതിരായ ആരോപണങ്ങൾ അടഞ്ഞ അദ്ധ്യായമാണെന്നും പാർട്ടിക്കുള്ളിൽ നിന്ന് അനീതിക്കെതിരെ പോരാടുകയെന്നതാണ് നയമെന്നും റുമൈസ കൂട്ടിച്ചേർത്തു.