കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കിയെന്ന കോടതി വിധി പ്രസ്താവന കേട്ട് പൊട്ടിക്കരഞ്ഞ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ബന്ധുക്കളെ കെട്ടിപ്പിടിച്ചു കരഞ്ഞ ഫ്രാങ്കോ ഏറെ സന്തോഷത്തോടെയാണ് കോടതിക്ക് പുറത്തേക്ക് വന്നത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാകാതെയാണ് വണ്ടിയില്‍ കയറിയത്. ദൈവത്തിന് സ്തുതി എന്ന് മാത്രമാണ് പ്രതികരിച്ചത്. കൈ കൂപ്പുകയും കാറില്‍ ഇരുന്ന് കൊണ്ട് ഇരുകൈകളും മുകളിലേക്ക് ഉയര്‍ത്തി കാണിക്കുകയും ചെയ്തു.
വിധി വന്നതിന് പിന്നാലെ സത്യം ജയിച്ചുവെന്ന് ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവര്‍ പ്രതികരിച്ചു. ബിഷപ്പ് പുറത്തു വന്ന വേളയില്‍ പ്രൈസ് ദ ലോര്‍ഡ് എന്നു വിളിച്ച് അനുയായികള്‍ ആഹ്ളാദം പ്രകടിപ്പിച്ചു. പിന്നാലെ മധുരപലഹാരവും വിതരണം ചെയ്തു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുടെ വിടുകയായിരുന്നു. ഫ്രാങ്കോ കുറ്റക്കാരനാണ് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് കോടതി വ്യക്തമാക്കിയത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഏഴു വകുപ്പുകളാണ് ചുമത്തിയിരുന്നത്. എല്ലാ കേസില്‍ നിന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുന്നുവെന്നാണ് കോട്ടയം അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി വിധിച്ചത്. സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.
വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പമാണ് എത്തിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡി.വൈ.എസ്.പി കെ സുഭാഷ്, എസ്.ഐ മോഹന്‍ദാസ് എന്നിവരും ഹാജരായിരുന്നു.