'പരീക്ഷാസമയത്ത് പഠിക്കുന്ന ടാബ് സീല്‍ ചെയ്ത് മേടിക്കുവാ, അവന്മാരുടെ സൂക്കേടെന്നാ'; റെയ്ഡില്‍ പ്രതികരണവുമായി പി.സി ജോര്‍ജ്ജ്‌

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ റെയ്ഡില്‍ പ്രതികരിച്ച് പി സി ജോര്‍ജ്ജ്. ദിലീപിന്റെ അനിയന്‍ ഷോണ്‍ ജോര്‍ജിനെ വിളിച്ച ഫോണ്‍ വേണമെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത് 2019ലാണ്. ആ ഫോണ്‍ 2019ല്‍ തന്നെ നശിപ്പിച്ചെന്നും ഇക്കാര്യം സൂചിപ്പിച്ച് കത്ത് നല്‍കിയതാണെന്നും പി സി ജോര്‍ജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

താന്‍ ഇത്രയും നേരം എല്ലാം സഹകരിച്ച് കൂടെനിന്നു. പക്ഷേ, ഇവന്മാര് തന്റെ കൊച്ചുമക്കള്‍ പഠിക്കുന്ന ടാബ് സീല്‍ ചെയ്ത് മേടിക്കുവാ. പിള്ളേരെങ്ങനെ പഠിക്കും? ഇന്നത്തെക്കാലത്ത് പിള്ളേരെല്ലാം ടാബിലാ. പരീക്ഷാസമയത്ത് ആ ടാബ് എടുത്തോണ്ട് പോകണമെന്ന്. അവന്മാരുടെ സൂക്കേടെന്നാ. നല്ല ഉദ്ദേശ്യമല്ലെന്ന് മനസ്സിലായില്ലേയെന്നും അദ്ദേഹം ചോദിച്ചു.

ദിലീപിനെതിരെ ഗൂഢാലോചന ഉണ്ടെന്ന് വരുത്താന്‍ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രമുഖരുടെ പേരില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് പരിശോധന. ഷോണ്‍ ജോര്‍ജിന്റെ പേരിലുള്ള സ്‌ക്രീന്‍ ഷോട്ടുകളും പ്രചരിച്ചിരുന്നു. ഇത് അയച്ചത് ഷോണിന്റെ നമ്പറില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് റെയ്ഡ്. കോടതിയുടെ അനുമതിയോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന.

Read more

2017 ലാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലാണ് വാട്‌സ്ആപ് ഗ്രൂപ്പ് നിര്‍മിച്ചത്. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്ന് ഈ ഗ്രൂപ്പ് സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.