'രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ട്'; അതിനേക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ ചെയ്ത് ദേശീയതലത്തില്‍ മാതൃകയായി: പന്ന്യന്‍ രവീന്ദ്രന്‍

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന് ദൗര്‍ബല്യങ്ങളുണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ സേവനങ്ങള്‍ ചെയ്ത് മുന്നണി ദേശീയ തലത്തില്‍ മാതൃകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂരില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.

ഭരിക്കുമ്പോള്‍ മുന്നണിയെ കോട്ടമില്ലാതെ കൊണ്ടുപോകാന്‍ സിപിഐക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവരും. എന്നാല്‍ വിട്ടുവീഴ്ചയെ സറണ്ടര്‍ ചെയ്തുവെന്ന് പറയുന്നവരോട് ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്ക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ കാനം അസുഖബാധിതനായതിനെ തുടര്‍ന്ന് പന്ന്യന്‍ രവീന്ദ്രന്‍ പകരക്കാരനായി എത്തുകയായിരുന്നു.

അതേസമയം, വെള്ളൂരില്‍ എയിംസ് ആശുപത്രി സ്ഥാപിക്കണമെന്ന് സിപിഐ ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി വക സ്ഥലത്ത് കെപിപിഎല്ലിന് ആവശ്യമായ സ്ഥലം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എയിംസ് സ്ഥാപിക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം.

Read more

അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്ത് 687 ഏക്കര്‍ സ്ഥലം വെള്ളൂരില്‍ എച്ച്എന്‍എല്ലിന് നല്‍കിയിരുന്നു. മറ്റാവശ്യങ്ങള്‍ക്ക് സ്ഥലം ഉപയോഗിക്കരുതെന്ന വ്യവസ്ഥയിലാണ് സ്ഥലം നല്‍കിയിരുന്നത് അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ എച്ച്എന്‍എല്‍ വില്‍ക്കുവാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാരിന് കെപിപിഎല്ലിനായി സ്ഥലം ഏറ്റെടുക്കുവാന്‍ സാധിച്ചത്.