പാര്‍ട്ടി നേതൃത്വത്തിനെതിരെയും നേതാക്കള്‍ക്കെതിരെയും മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ അവസാനിപ്പിക്കണമെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍. മുന്‍ മന്ത്രിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.എം. മണിക്കെതിരെ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണം എന്ന് സി.പി.എം മൂന്നാര്‍ ഏരിയ സെക്രട്ടറി കെ.കെ.വിജയന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ ജാതി പറഞ്ഞ് വോട്ട് വാങ്ങിയെന്ന് രാജേന്ദ്രന്റെ ആരോപണവും കെ.കെ.വിജയന്‍ തള്ളി.
രാജേന്ദ്രന്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ നുണയാണ്. അച്ചടക്ക ലംഘനത്തിന് നടപടി നേരിട്ട രാജേന്ദ്രന്‍ പാര്‍ട്ടിയേയും നേതാക്കളേയും പരസ്യമായി അപമാനിക്കുന്നത് അവസാനിപ്പിക്കണം. അദ്ദേഹം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നപ്പോഴും എം.എല്‍.എ ആയിരുന്നപ്പോഴും ഉള്ള പ്രവര്‍ത്തനങ്ങളില്‍ തന്നെ നിരവധി ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പരസ്യമായി ഉന്നയിച്ച് തങ്ങള്‍ അപമാനിച്ചിട്ടില്ലെന്ന് കെ.കെ.വിജയന്‍ പറഞ്ഞു.
രാജേന്ദ്രന്‍ മൂന്ന് തവണ ജയിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ അദ്ധ്വാനം കൊണ്ടാണ്. പാര്‍ട്ടിയോട് അതിന്റെ നന്ദി പോലും കാണിച്ചിട്ടില്ല. പാര്‍ട്ടിയില്‍ ഉള്ളപ്പോള്‍ ഉന്നയിക്കാതിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത് നല്ലതല്ലെന്നും, രാജേന്ദ്രനെ കുറിച്ച് പറയാനുള്ളത് പരസ്യമായി പറയാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും, അത് രാജേന്ദ്രന് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഏരിയ സെക്രട്ടറി പറഞ്ഞു.
തിരഞ്ഞെടുപ്പ് വീഴ്ചയെ തുടര്‍ന്ന് എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. പാര്‍ട്ടി ജാതി പറഞ്ഞാണ് വോട്ട് പിടിച്ചതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്നും, രാജേന്ദ്രന്‍ എം.എല്‍.എ ആയത് സംവരണത്തിന്റെ ആനുകൂല്യത്തിലാണെന്നും എം.എം.മണി പ്രതികരിച്ചിരുന്നു.