'അനുവാദം ചോദിക്കാതെ ചായകുടിച്ച് ത്വാഹയും അലനും': യുഎപിഎക്കെതിരെ ബഹുജനകൂട്ടായ്മയുടെ പ്രതിഷേധം

യുഎപിഎ അടക്കമുള്ള കരിനിയമങ്ങള്‍ക്കെതിരെ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറില്‍ ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ ചായകുടി സമരം സംഘടിപ്പിച്ചു. ചായയും പരിപ്പുവടയും കഴിച്ച് ത്വാഹ ഫസലും അലന്‍ ഷുഹൈബും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.

ചായ കുടിക്കാന്‍ പോയപ്പോഴല്ല ത്വാഹയും അലനും അറസ്റ്റിലായത് എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ ഓര്‍മ്മപ്പെടുത്തികൊണ്ടാണ് ചായകുടി പ്രതിഷേധം സംഘടിപ്പിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ എ. വാസുവാണ് ത്വാഹയ്ക്കും അലനും ചായ നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.

ലഘുലേഖ കൈവശംവെച്ചതിന് ഇവര്‍ക്കുമേല്‍ യുഎപിഎ ചുമത്തികൊണ്ട് സിപിഐഎം ഫാസിസത്തിന്റെ സ്വഭാവമാണ് കാട്ടിയത് എന്ന് അദ്ദേഹം വിമര്‍ശിച്ചു. വര്‍ഷങ്ങളായി താന്‍ വില്‍ക്കുന്ന ലഘുലേഖയാണ് ഇവര്‍ കൈവശം വെച്ചത്. തനിക്കെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വാസു പറഞ്ഞു. തന്റെ ജീവചരിത്രം കൈവശം വെച്ചതിനാണ് ഈ കുട്ടികളെ ജയിലിലടച്ചതെന്ന് മുന്‍ നക്സലൈറ്റ് നേതാവ് എം.എന്‍ രാവുണ്ണിയും ചടങ്ങിനെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.

Read more

പിന്തുണ നല്‍കിയവര്‍ക്ക് എല്ലാം ത്വാഹ നന്ദി അറിയിച്ചു. നിക്കും അലനും ജാമ്യം ലഭിച്ചെങ്കിലും പന്തീരാങ്കാവ് യുഎപിഎ കേസ് അവസാനിച്ചിട്ടില്ലെന്നും ഇതേ കേസില്‍ അറസ്റ്റിലായ വിജിത്തും ഉസ്മാനും ഇപ്പോഴും ജയിലില്‍ കഴിയുകയാണെന്നും ത്വാഹ പറഞ്ഞു. ജയിലുകളിലും പൊലീസ് സ്റ്റേഷനുകളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ കേരളം ഒന്നാമതാണെന്നും നിയമവിദ്യര്‍ഥിയായ താന്‍ അഭിഭാഷകനായാല്‍ യുഎപിഎ കേസുകള്‍ക്കെതിരെ ശക്തമായി വാദിക്കുമെന്നും അലൻ പറഞ്ഞു.