സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയുടെ കസേരയിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വാഴവെയ്‌ക്കേണ്ടതെന്ന് കെ കെ രമ എംഎല്‍എ. എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന കാര്യത്തില്‍ തനിക്ക് വിശ്വാസമില്ല. കള്ളന്‍ കപ്പലില്‍ തന്നെയുണ്ട്, കപ്പിത്താന്‍ ആരാണെന്ന് മാത്രമാണ് ഇനി കണ്ടെത്തേണ്ടതുള്ളൂവെന്നും കെ കെ രമ പറഞ്ഞു. നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയിട്ടില്ല. ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണം. സിപിഎം പ്രതിരോധത്തിലായ സാഹചര്യങ്ങളിലെല്ലാം ഇതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്നിലും പ്രതികളെ പിടികൂടിയിട്ടില്ല. 14 വര്‍ഷം ആയ കേസുകള്‍ വരെ അതിന് ഉദാഹരണങ്ങളായുണ്ടെന്നും അവര്‍ പറഞ്ഞു.
എകെജി സെന്റര്‍ ആക്രമിക്കപ്പെട്ടത് അപലപനീയം ആണ്. മുഖ്യമന്ത്രി ആരോപണങ്ങളോട് ക്ഷുഭിതനാകുകയാണെന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു. അതേസമയം സംഭവത്തില്‍ പൊലീസ് നിഷ്‌ക്രിയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവ സമയത്ത് പൊലീസിനെ സ്ഥലത്ത് നിന്ന് മാറ്റിയതായി സംശയമുണ്ടെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു.
മൂന്നു കല്ലുകള്‍ മാത്രം പൊടിഞ്ഞുപോകുന്ന നാനോ ഭീകരാക്രമണമാണ് എകെജി സെന്റ്റില്‍ നടന്നതെന്ന് പി സി വിഷ്ണുനാഥ് പരിഹസിച്ചു. സ്‌കൂട്ടറില്‍ പോയ അക്രമിയെ പിടിച്ചില്ല.പിടിക്കാന്‍ വയര്‍ലസ് പോലും ഉപയോഗിച്ചില്ല. സിസിടിവി പരിശോധിക്കാന്‍ പൊലീസ് കാണിച്ചത് ദുരൂഹമായ മെല്ലെ പോക്കാണ്. ഏതെങ്കിലും നിരപരാധിയുടെ തലയില്‍ കെട്ടിവച്ച് തടിയൂരാന്‍ ശ്രമിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിട്ട നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചു.കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴോ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പോസ്റ്റിട്ടപ്പോഴോ എന്ത് ചെയ്തു? എകെജി സെന്റര്‍ ആക്രമിച്ചത് കോണ്‍ഗ്രസുകാരാണെന്നുള്ള വിവരം ഇപി ജയരാജന് എവിടെ നിന്നാണ് വിവരം കിട്ടിയത് .ഇപിയെ ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണെന്നും പി സി വിഷ്ണുനാഥ് സഭയില്‍ ചോദിച്ചു.