സത്യത്തിന് വേണ്ടി നിലകൊള്ളുന്നവര്‍ എപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഫ്രാങ്കോ മുളയ്ക്കല്‍. സത്യത്തെ സ്‌നേഹിക്കുന്നവരും, സത്യത്തിന് വേണ്ടി നില്‍ക്കുന്നവരും എപ്പോഴും തന്നോടൊപ്പം ഉണ്ടായിരുന്നു. ഫലം ഉള്ള മരത്തില്‍ കല്ലെറിയും. അതില്‍ അഭിമാനമേ ഉള്ളൂവെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ കോടതിയിലുള്ള വിധി ഭൂമിയിലെ കോടതിയില്‍ വരട്ടെയെന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ദൈവം ഉണ്ടെന്നും, ദൈവത്തിന്റെ ശക്തി എന്താണെന്നും ലോകത്തിന് കാണിച്ചു കൊടുക്കാനുള്ള ഒരു മിഷിനറിയാണ് താനെന്നും അതിന് ദൈവം അവസരം തന്നുവെന്നും ഫ്രാങ്കോ പറഞ്ഞു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയായിരുന്നു. ഫ്രാങ്കോ കുറ്റക്കാരനാണ് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് കോടതി വ്യക്തമാക്കിയത്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ഏഴു വകുപ്പുകളാണ് ചുമത്തിയിരുന്നത്. എല്ലാ കേസില്‍ നിന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുന്നുവെന്നാണ് കോട്ടയം അഡീഷ്ണല്‍ ജില്ല സെഷന്‍സ് കോടതി വിധിച്ചത്. സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.
വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പമാണ് എത്തിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡി.വൈ.എസ്.പി കെ സുഭാഷ്, എസ്.ഐ മോഹന്‍ദാസ് എന്നിവരും ഹാജരായിരുന്നു.
അതേസമയം കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി നിര്‍ഭാഗ്യകരമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോട്ടയം മുന്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു. നിയമ ചരിത്രത്തിലെ തന്നെ അത്ഭുതകരമായ വിധിയെന്നും, അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ അപ്പീല്‍ പോകും. ശിക്ഷ ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിച്ചിരുന്ന കേസാണിത്. കേസില്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം അപ്പീല്‍ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജിതേഷ് ബാബുവും പറഞ്ഞു.
Read more
എന്നാല്‍ കേസില്‍ വിസ്തരിച്ച 39 സാക്ഷികളില്‍ ഒരു സാക്ഷി പോലും കൂറുമാറിയില്ലെന്നും അല്ലാതെ തന്നെ മുഴുവന്‍ സാക്ഷികളും പറഞ്ഞത് കള്ളമാണെന്ന് കോടതിയില്‍ തെളിഞ്ഞുവെന്നും പ്രതിഭാഗം അഭിഭാഷകന്‍ സി.എസ് അജയന്‍ പ്രതികരിച്ചു. പൊലീസിനു നല്‍കിയ മൊഴിയും കോടതിയില്‍ നല്‍കിയ മൊഴിയും ഒന്നാണ്. പീഡന വിവരങ്ങള്‍ പങ്കുവച്ചെന്നു പരാതിക്കാരി അവകാശപ്പെട്ടവര്‍ എല്ലാം കോടതിയില്‍ അത് നിഷേധിച്ചു. ഒരു ചാനല്‍ അഭിമുഖം ഫ്രാങ്കോയ്ക്ക് അനുകൂലമായ നിര്‍ണ്ണായക തെളിവായതായും അദ്ദേഹം പറഞ്ഞു. ബിഷപ്പിനെതിരെ ഒറ്റ തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.