ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കം ഇടത് മുന്നണിക്ക് നാണക്കേടുണ്ടാക്കിയെന്ന് സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനം. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
മന്ത്രി വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ജില്ലാ സമ്മേളനത്തിലും ഈ ആരോപണം സിപിഐ ആവര്‍ത്തിച്ചു. ജില്ലയിലെ എല്‍ഡിഎഫ് യോഗങ്ങളില്‍ വേണ്ട വിധത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. രാഷ്ട്രീയ വിഷയങ്ങളില്‍ പോലും ശരിയായ ചര്‍ച്ചകള്‍ നടക്കുന്നില്ല. പ്രശ്നങ്ങളോടുള്ള മുഖ്യ പാര്‍ട്ടികളുടെ സമീപനമാണ് ഇതിന് കാരണമെന്നും വിമര്‍ശനമുയര്‍ന്നു.
കോന്നി എം.എല്‍.എ കെ.യു ജനീഷ് കുമാറിനെയും സമ്മേളനത്തില്‍ വിമര്‍ശിച്ചു.സിപിഐയെ അവഗണിച്ചാണ് കോന്നിയില്‍ സിപിഎം മുന്നോട്ട് പോകുന്നത്. എംഎല്‍എയ്ക്ക് സിപിഐയോട് വിരോധമാണെന്നുമാണ് ആരോപണങ്ങള്‍. എംഎല്‍എയുടെ പെരുമാറ്റം മുന്നണിക്ക് ചേരുന്നതല്ലെന്നും സമ്മേളനത്തില്‍ വിലിരുത്തി.
അതേസമയം അങ്ങാടിക്കല്‍ – കൊടുമണ്‍ സംഘര്‍ഷത്തില്‍ കുറ്റക്കാര്‍ക്കെതിരായ നടപടിയെടുക്കുന്നതില്‍ സിപിഎം വാക്ക് പാലിച്ചില്ല. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ സി.പി.എം സ്വീകരിച്ചത് ഏകപക്ഷീയ നിലപാടാണ് സംഘര്‍ഷത്തിന് കാരണം. മുന്നണിയെന്ന നിലയില്‍ ഒരു സീറ്റ് പോലും ലഭിക്കതിരുന്നതിനാലാണ് സിപിഐ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.