പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം നേതാവ് എംഎ ബേബി. അദ്ദേഹം പഠിക്കാനാണോ അതോ പഠിപ്പിക്കാനാണോ വിചാരകേന്ദ്രത്തില്‍ പോയത്. വേണ്ടി വന്നാല്‍ ബിജെപിയില്‍ ചേരുമെന്ന് കെ സുധാകരന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ നിന്നും വ്യത്യസ്തനല്ല വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു.
ഗോവ, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റയ്ക്കും കൂട്ടമായും ബിജെപിയിലേക്ക് പോവുകയാണ്. അത്തരമൊരു പശ്ചാത്തലത്തിലാണ് ഭാരതീയവിചാര കേന്ദ്രത്തിന്റെ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്ത വാര്‍ത്ത ഇവിടെ ചര്‍ച്ചയാകുന്നത്. വിചാരധാരയും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതും തമ്മില്‍ അന്തരം ഇല്ലാതെ ആയിരിക്കുകയാണ്. ഇവിടുത്തെ കോണ്‍ഗ്രസ് ബിജെപിയില്‍ ചേരാത്തത് ഇടതുപക്ഷം ശക്തമായതിനാലാണെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.
അതേസമയം ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് വിശദീകരണവുമായി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. താന്‍ പങ്കെടുത്തത്. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആയിരുന്ന പി പരമേശ്വരന്റെ പുസ്തക പ്രകാശന ചടങ്ങിലാണ്. അത് ആര്‍എസ്എസ് പരിപാടി ആയിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് പങ്കെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Read more
ആദ്യം ഈ പുസ്തകം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദന്‍ ആയിരുന്നു. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനും ബാധകമാണ്. തന്നെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത് വീരേന്ദ്ര കുമാര്‍ ആണ്. ബിജെപിക്കാര്‍ തനിക്കെതിരെ ഉപയോഗിച്ച ഈ പരിപാടിയുടെ ഫോട്ടോക്ക് കൂടുതല്‍ പ്രചാരം നല്‍കിയത് സിപിഎമ്മുകാരാണ്. താന്‍ ഒരു വര്‍ഗീയ വാദിയുടേയും വോട്ട് ചോദിച്ച് പോയിട്ടില്ല. പോകുകയുമില്ല. ഒരു ആര്‍ എസ് എസുകാരന്റേയും സംഘപരിവാറുകാരന്റെയും വര്‍ഗീയ വാദിയുടേയും വോട്ട് തനിക്ക് വേണ്ട. ഒരു വര്‍ഗീയവാദിക്ക് മുന്നിലും മുട്ടുമടക്കില്ല. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടേണ്ടി വന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.