'എം.എം മണി പറഞ്ഞത് അണ്‍പാര്‍ലമെന്ററി വാചകമല്ല'; അഭിപ്രായം പറയേണ്ടത് സ്പീക്കറെന്ന് കോടിയേരി

കെ കെ രമയ്ക്ക് എതിരായി അധിക്ഷേപ പരാമര്‍ശം നടത്തിയ എം എം മണിയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിലവിലെ ചട്ടപ്രകാരം എം എം മണി പറഞ്ഞത് അണ്‍പാര്‍ലമെന്ററിയല്ല. അതിനാല്‍ പരാമര്‍ശം തിരുത്തേണ്ടതില്ല. നിയമസഭയിലാണ് പരാമര്‍ശം നടത്തിയത്. അതിനാല്‍ വിഷയം അവിടെ തന്നെ തീര്‍ക്കട്ടെയെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് സ്പീക്കറാണെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രിമാരെയും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്ത് നടത്തുന്ന ഇടപെടലുകള്‍ സദുദ്ദേശപരമല്ല. കേരളത്തിലെ വികസന പദ്ധതികളെല്ലാം കേന്ദ്രത്തിന്റേത് ആണെന്ന് അവകാശപ്പെടുന്നു. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികള്‍ പോലും അവര്‍ നടപ്പാക്കുന്നില്ല. നേമം ടെര്‍മിനല്‍ കോച്ച് ഫാക്ടറി ഇതിനുദാഹരണമാണ്.

ദേശീയ പാതാ വികസനം കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചതെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. അടിയന്തരാവസ്ഥയേക്കാള്‍ മോശം രീതിയാണ് നിലിവിലുള്ളത്. വാക്കുകള്‍ വിലക്കിയത് ഏകാധിപത്യമാണ്. ഇത് അപകടകരമാണെന്നും കോടിയേരി പറഞ്ഞു.

വ്യാഴാഴ്ച നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു കെ.കെ. രമയ്ക്കെതിരേ എം.എം. മണി വിവാദ പരാമര്‍ശം നടത്തിയത്. ‘ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’- എന്നായിരുന്നു എം എം മണിയുടെ പ്രസംഗം.