കശ്മീരിൽ കുടുങ്ങിയവരിൽ മുകേഷും ടി സിദ്ദിഖുമുൾപ്പെടെ 4 എംഎൽഎമാർ, 3 ഹൈക്കോടതി ജഡ്ജിമാർ; നാട്ടിലെത്തിക്കാൻ ശ്രമം

ഭീകരാക്രമണം നടന്ന കശ്മീരിൽ കുടുങ്ങിയ മലയാളികളിൽ നാല് എംഎൽഎമാരും മൂന്ന് ഹൈക്കോടതി ജഡ്ജിമാരും. കൊല്ലം എംഎൽഎ എം മുകേഷ്, കൽപറ്റ എംഎൽഎ ടി സിദ്ദിഖ്, തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ്, നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ എന്നിവരും 3 ജഡ്ജിമാരായ അനിൽ കെ നരേന്ദ്രൻ, പിജി അജിത് കുമാർ, ജസ്റ്റിസ് ജി ഗിരീഷ് എന്നിവരാണ് കുടുങ്ങി കിടക്കുന്നത്.

പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് അന്ത്യോപചാരം അർപ്പിക്കുന്ന ചിത്രങ്ങൾ ടി സിദ്ദിഖ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പം അന്ത്യോപചാരം അർപ്പിക്കുന്ന ചിത്രമാണുള്ളത്. നിയമസഭ അഷ്വറൻസ് കമ്മിറ്റിയുടെ പര്യടന പരിപാടിയുടെ ഭാഗമായി എംഎൽഎമാർ കശ്മീരിലെത്തിയത്.

ജമ്മു കശ്മീരിൽ കുടുങ്ങിക്കിടക്കുന്നത് 258 മലയാളികളെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ അജിത് കോളശേരി അറിയിച്ചിട്ടുണ്ട്. നോർക്ക ഹെൽപ് ഡെസ്‌കിൽ 28 ഗ്രൂപ്പുകളിലായി 262 പേരാണ് വിവരം റജിസ്റ്റർ ചെയ്തത്. ഇതിൽ നാലു പേർ നാട്ടിൽ തിരിച്ചെത്തി. ബാക്കിയുള്ളവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് അജിത് കോളശേരി പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.

Read more

കേരളത്തിൽ നിന്നുള്ളവർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായാണ് നോർക്ക ഹെൽപ് ഡെസ്‌ക്ക് തുടങ്ങിയത്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.