അനുവദിച്ച 40 ലക്ഷം തിരിച്ചെടുക്കണം; രാഹുല്‍ഗാന്ധിയുടെ ഫണ്ട് തത്കാലം വേണ്ടെന്ന് മുക്കം നഗരസഭ

മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി രാഹുല്‍ഗാന്ധി എംപി അനുവദിച്ച 40 ലക്ഷം രൂപ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മുക്കം നഗരസഭ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതേയുള്ളൂ അതിനാല്‍ അനുവദിച്ചിരിക്കുന്ന തുക ഈ വര്‍ഷം ചിലവഴിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫണ്ട് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നഗരസഭാ ഭരണസമിതിയാണ് ഫണ്ട് വേണ്ടെന്നുള്ള തീരുമാനം എടുത്തത്. ഇക്കാര്യം അറിയിച്ച് മുക്കം നഗരസഭ സെക്രട്ടറി കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ക്കും കത്ത് നല്‍കി. എന്നാല്‍ നഗരസഭയുടെ രാഷ്ട്രീയമാണിതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. നിലവില്‍ ഇടതുപക്ഷമാണ് മുക്കം നഗരസഭ ഭരിക്കുന്നത്.

മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിനു സമീപമുള്ള സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നും ആരോപണം ഉയരുന്നുണ്ട്. നിലവിലെ തീരുമാനത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

Read more

അതേസമയം കിഫ്ബിയില്‍നിന്ന് വിവിധ ഘട്ടങ്ങളിലായി മൂന്നുകോടിയോളം രൂപ സാമൂഹികാരോഗ്യകേന്ദ്രത്തിന് കെട്ടിട നിര്‍മ്മാണത്തിനായി അനുവദിച്ചിട്ടുണട്. അതിനാലാണ് എം പി ഫണ്ടില്‍ നിന്ന് കെട്ടിട നിര്‍മ്മാണത്തിന് എം പി ഫണ്ടില്‍ നിന്നുമുള്ള 40 ലക്ഷം രൂപ ആവശ്യമില്ലെന്ന് പറയുന്നത്. ഈ ഫണ്ട് മറ്റ് കാര്യങ്ങള്‍ക്ക് അനുവദിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നുമാണ് നഗരസഭ അധികൃതരുടെ വിശദീകരണം.