'കാരുണ്യ'യില്‍ കുടിശിക 408 കോടി രൂപ! പ്രതിസന്ധിയിലാക്കുമോ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി?

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സംസ്ഥാനത്തെ ആശുപത്രികൾക്ക് നൽകാനുള്ള കുടിശിക 408 കോടി രൂപയെന്ന് റിപ്പോർട്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആകെ 72,29,495 ഗുണഭോക്താക്കളാണുള്ളത്. ഇവരെ ചികിത്സിച്ച വകയിൽ സ്വകാര്യ ആശുപത്രികൾക്കും, മെഡിക്കൽ കോളജുകൾക്കുമാണ് 408 കോടി രൂപ കുടിശികയുള്ളത്.

ഇതിൽ 107 കോടി രൂപ കോഴിക്കോട് ജില്ലയിൽ മാത്രം സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ളതാണെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കിൽ പറയുന്നു. മലപ്പുറത്ത് 93 കോടിയിലേറെയാണ് നൽകാനുള്ളത്.

2020 ജൂലൈ മുതൽ 3,362 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ- സ്വകാര്യ ആശുപത്രികൾക്കായി സംസ്ഥാനം നൽകിയത്. 545 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിച്ചുവെന്നും കണക്കിൽ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികൾക്കുള്ള കുടിശിക നൽകാത്തത് മൂലം കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തല തെറ്റുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.

Read more