തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം നാളെ അവസാനിക്കും. വൈകിട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിന് അനുവദിച്ചിരിക്കുന്ന സമയം. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥികളും പ്രവർത്തകരും കൂട്ടം ചേരുന്ന കൊട്ടിക്കലാശം അനുവദിക്കില്ല. ഇതു ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് ജില്ലാ ഭരണാധികാരികൾ അറിയിച്ചിരിക്കുന്നത്. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളിൽ ഒഴിവാക്കണമെന്നും കളക്ടർമാർ അഭ്യർത്ഥിച്ചു.
കോവിഡ് കാലം പതിവ് പ്രചാരണ രീതികൾക്കെല്ലാം മാറ്റമുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയം മുമ്പില്ലാത്ത വിധം തിളച്ചു മറിയുമ്പോഴാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടം. പ്രതിക്കൂട്ടിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, മകനുൾപ്പെട്ട വിവാദങ്ങളിൽ സ്ഥാനമൊഴിഞ്ഞ പാർട്ടി സെക്രട്ടറി – മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികളെ നേരിടാൻ സിപിഎം ഇറക്കുന്നത് വികസന കാർഡാണ്. സംസ്ഥാന വികസനം അട്ടിമറിക്കാൻ ദേശീയ അന്വേഷണ ഏജൻസികളും യുഡിഎഫും ബിജെപിയും കൈകൊർക്കുന്നുവെന്ന പ്രചാരണം വഴി ആക്ഷേപങ്ങൾക്ക് തടയിടാനാണ് നീക്കം. യുഡിഎഫ്- വെൽഫെയർ പാർട്ടി ബന്ധം മറ്റൊരു വിഷയം.
സർക്കാരും സിപിഎമ്മും പ്രതിസന്ധിയിലായ അസാധാരണ സാഹചര്യത്തിൽ മിന്നുംജയത്തിൽ കുറഞ്ഞൊന്നും യുഡിഎഫിനെ തൃപ്തിപ്പെടുത്തില്ല. വിവാദങ്ങൾ കത്തിക്കുമ്പോഴും സ്ഥാനാർത്ഥി നിർണയ പ്രശ്നങ്ങളും വിമത ഭീഷണിയും പലയിടത്തും തീരാത്ത തലവേദന. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി വെല്ലുവിളി മറ്റൊരു ഭീഷണി.
സുരേന്ദ്രൻ പ്രസിഡന്‍റായശേഷമുള്ള തിരഞ്ഞെടുപ്പ് ബിജെപിക്കും നിർണായകമാണ്. ദേശീയ ഏജൻസികൾ കൂടി കക്ഷിയായിരിക്കെ അന്വേഷണ വിവാദങ്ങൾ നേട്ടമുണ്ടാകണമെങ്കിൽ സീറ്റുകൾ കൂടണം. തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കലടക്കം വലിയപ്രതീക്ഷകളാണ് ആദ്യഘട്ടത്തിൽ പാർട്ടിക്കുള്ളത്. കലാശക്കൊട്ടില്ലെങ്കിലും വാക്കുപോര് കടുപ്പിച്ച് ആവേശം നിറച്ചു തന്നെയാണ് മുന്നണികൾ സെമിഫൈനലിൻ്റെ ആദ്യലാപ്പ് കടക്കാനൊരുങ്ങുന്നത്.