2022-23 അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിന കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളിലെ 1 മുതല്‍ 10 വരെ ക്ലാസുകളിലായി ആകെ 38,32,395 കുട്ടികളാണ് ഉള്ളത്. ഇവരില്‍ ഈ അധ്യയന വര്‍ഷം ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. കൂടാതെ കഴിഞ്ഞ അധ്യയന വര്‍ഷം ഉണ്ടായിരുന്ന കുട്ടികള്‍ക്ക് പുറമേ പൊതുവിദ്യാലയങ്ങളില്‍ 2 മുതല്‍ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികള്‍ പുതുതായി വന്നുചേര്‍ന്നു. ഇവരില്‍ 44,915 പേര് സര്‍ക്കാര്‍ വിദ്യാലയങ്ങളിലും 75,055 പേര് സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്.
ഇത്തരത്തില്‍ പുതുതായി പ്രവേശനം നേടിയവരില്‍ ഏകദേശം 24 ശതമാനം കുട്ടികള്‍ അംഗീകൃത അണ് എയിഡഡ് വിദ്യാലയങ്ങളില്‍ നിന്ന് വന്നവരും ശേഷിക്കുന്ന 76 ശതമാനം കുട്ടികള്‍ മറ്റിതര സിലബസുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ നിന്നും വന്നവരാണ്. സംസ്ഥാനതലത്തില്‍ പൊതുവിദ്യാലയങ്ങളില്‍ ഏറ്റവുമധികം കുട്ടികള്‍ പുതുതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലും (32,545) തുടര്‍ന്ന് എട്ടാം ക്ലാസിലും (28,791) ആണ്.
അംഗീകൃത അണ് എയിഡഡ് വിദ്യാലയങ്ങളിലെ ഈ അധ്യയന വര്‍ഷത്തെ കുട്ടികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്ലാ ക്ലാസുകളിലും കുട്ടികളുടെ എണ്ണം കുറവ് രേഖപ്പെടുത്തുന്നു. ഈ അധ്യയന വര്‍ഷത്തെ ഓരോ ക്ലാസിലെയും ആകെ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 1,4,10 ക്ലാസുകള്‍ ഒഴികെയും സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 1,4,7,10 ക്ലാസുകള്‍ ഒഴികെയും എല്ലാ ക്ലാസുകളിലും വര്‍ദ്ധനവാണുള്ളത്.
കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തില്‍ പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉള്ളത് മലപ്പുറം ജില്ലയിലും (20.35 ശതമാനം) ഏറ്റവും കുറവ് കുട്ടികളുള്ളത് പത്തനംതിട്ട ജില്ലയിലും ആണ് (2.25 ശതമാനം). മുന്‍ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ഒഴികെ എല്ലാ ജില്ലകളിലും വര്‍ധനയാണുള്ളത്.
എന്നാല്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. 2022 – 23 അധ്യയന വര്‍ഷം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം യഥാക്രമം ആകെ കുട്ടികളുടെ 9.8 ശതമാനവും 1.8 ശതമാനവും ആണ്. ഈ അധ്യയന വര്‍ഷത്തെ ആകെ കുട്ടികളില്‍ 57 ശതമാനം (21,83,908) പേര് ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവരും 43 ശതമാനം പേര് (16,48,487) പേര് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുമാണ്.
Read more
ഒന്നാം ഹയര്‍സെക്കന്‍ഡറിയില്‍ ആകെ 3,84,625 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷത്തില്‍ 3,85,088 വിദ്യാര്‍ഥികളും ആണ് പഠിക്കുന്നത്. ഹയര്‍സെക്കന്‍ഡറിയില്‍ ആകെ 7,69,713 വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 59,030 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ സംസ്ഥാനത്ത് ആകെ 46,61,138 കുട്ടികള്‍ പഠിക്കുന്നു.