ഒരു കിലോമീറ്ററിന് 48 കോടി രൂപ: രാജ്യത്തെ ഏറ്റവും ചെലവ് കൂടിയ റോഡു നിര്‍മ്മാണം കേരളത്തില്‍

കിലോമീറ്റര്‍ നിരക്കില്‍ രാജ്യത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ചെലവ് കണക്കാക്കുന്ന റോഡ് നിര്‍മ്മാണം കേരളത്തില്‍. രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള (കോഴിക്കോട്) ആറുവരി ദേശീയപാതാ ബൈപ്പാസ് നിര്‍മ്മാണത്തിന് ഒരു കിലോമീറ്ററിന് 48 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ആകെ 28 കിലോമീറ്റര്‍ നീളമുള്ള റോഡിനായി 1800 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്.

45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന വഴിയുടെ രണ്ട് ഭാഗത്തും സര്‍വീസ് റോഡ് ഉണ്ടാകും. നാലര മീറ്റര്‍ വീതിയിലാണ് വഴിയുടെ മധ്യത്തിലുള്ള ഡിവൈഡര്‍. 28 കിലോമീറ്ററിനിടെ ഏഴ് ഫ്‌ളൈഓവറുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യമുള്ള സ്ഥലങ്ങളില്‍ അണ്ടര്‍പാസുമുണ്ടാകും. നിലവില്‍ രണ്ട് അണ്ടര്‍പാസുകളാണ് കണക്കാക്കിയിരിക്കുന്നത്.

Read more

നിര്‍മ്മാണ ചെലവിന്റെ 40 ശതമാനം സര്‍ക്കാര്‍ നല്‍കും. ബാക്കി കരാറുകാര്‍ കണ്ടെത്തണം. വര്‍ഷം രണ്ടു ഗഡുവായി 15 കൊല്ലം കൊണ്ട് നിര്‍മ്മാണ തുക സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കും. കരാറുകാര്‍ക്ക് പണം നല്‍കുന്നതിനായി ദേശീയ പാതാ അഥോറിറ്റി തന്നെയായിരിക്കും ടോള്‍ പിരിക്കുന്നത്.