ആലപ്പുഴ കായംകുളത്ത് നാലാം ക്ലാസുകാരനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. പുതുവത്സരാഘോഷത്തിനിടെയാണ് നാലാം ക്ലാസുകാരനെ പൊലീസ് ലാത്തികൊണ്ട് മര്‍ദ്ദിച്ചത്. കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തിന് ഇരയായ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
ഒന്‍പത് വയസുകാരന്‍ അക്ഷയ്ക്കാണ് പൊലീസ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ദേഹത്ത് ലാത്തികൊണ്ട് മര്‍ദ്ദനമേറ്റതിന്റെ അടയാളമുണ്ട്. പുതുവത്സരാഘോഷങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിക്കുന്നത് കാണാന്‍ പിതാവിനൊപ്പമാണ് അക്ഷയ് എരിവതൊട്ടു കടവ് ജംഗ്ഷനിലെത്തിയത്. സ്ഥലത്ത് യുവാക്കളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
ഇതിനിടയില്‍ മഫ്തിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഫൈബര്‍ ലാത്തികൊണ്ട് തന്നെയും പിതാവിനെയും മര്‍ദ്ദിച്ചതായി ചികിത്സയില്‍ തുടരുന്ന കുട്ടി പറയുന്നു. എന്നാല്‍ സംഭവം നിഷേധിക്കുകയാണ് പൊലീസ്. കുട്ടിയെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഗതാഗത തടസ്സം ഉണ്ടാക്കി ആഘോഷം നടത്തിയ യുവാക്കള്‍ക്കെതിരെയാണ് ലാത്തി വീശിയതെന്നുമാണ് പൊലീസിന്റെ വാദം.