രണ്ട് ദിവസത്തെ വാക്സിൻ പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതൽ വാക്സിനേഷൻ പുനരാരംഭിക്കും. ഇന്നലെ ലഭിച്ച 5,11,080 ഡോസ് വാക്സിന്‍ ജില്ലകളിലേക്ക് വിതരണം ചെയ്തു. 2,91,080 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കോവാക്‌സിനുമാണ് വിതരണം ചെയ്തത്.
തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണ് ലഭ്യമായത്.
ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്സിനേഷൻ യജ്ഞത്തിന്‍റെ ഭാഗമായി സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കാനായി 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി സർക്കാർ അറിയിച്ചു.
അതേസമയം, പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഡബ്ല്യു.ഐ.പി.ആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ദ്ധിപ്പിക്കും. മൂന്നാം തരംഗം മുന്നിൽ കണ്ട് പീഡിയാട്രിക് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.88 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.35 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കി.