ഇന്നലെ വരെ എത്തിയത് 52 ലക്ഷം ഭക്തർ, മുൻ വർഷത്തേക്കാൾ 10 ലക്ഷത്തിലധികം; വരുമാനത്തിലും വർധനവ്, ശബരിമലയിൽ തീർഥാടനത്തിന് ശുഭ സമാപനം

ശബരിമലയിൽ മണ്ഡലകാല മകരവിളക്ക് തീർഥാടനം ശുഭകരമായി പൂർത്തിയാക്കിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ. പരാതിക്കൾക്ക് ഇടയുണ്ടാകാതെ ലക്ഷകണക്കിന് തീർഥാടകർക്ക് സുഗമമായ ദർശനം സാധ്യമാക്കാൻ കഴിഞ്ഞു. വിവിധ സർക്കാർ വകുപ്പുകൾ, ദേവസ്വം ബോർഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകൾ, മാധ്യമങ്ങൾ തുടങ്ങിയവയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണിതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്ത് കൂട്ടിച്ചേർത്തു.

പ്രാഥമിക കണക്കുകൾ പ്രകാരം മുൻ വർഷത്തേക്കാൾ 10 ലക്ഷത്തിലധികം തീർഥാടകർ ദർശനത്തിനെത്തി. ജനുവരി 18 വരെ 52 ലക്ഷം ഭക്തർ എത്തി. വരുമാനത്തിലും ഗണ്യമായ വർധനവ് ഉണ്ടായി. പൊലീസിന്റെ കൃത്യവും ശാസ്ത്രീയമായുമുള്ള ഇടപെടലിലൂടെ ഭക്തജനത്തിരക്ക് കാര്യക്ഷമമായി നിയന്ത്രിച്ചു. തീർഥാടനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത് നിർദേശങ്ങൾ നൽകി.

ഓരോ ഘട്ടത്തിലും ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ക്രമീകരണങ്ങൾ നടപ്പാക്കി. വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിലും യോഗങ്ങൾ നടന്നു. വാഹന പാർക്കിംഗ്, തീർഥാടകർക്ക് നിൽക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകൾ, അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മികച്ച സൗകര്യം ഒരുക്കി. നിലയ്ക്കലും എരുമേലിയിലും അധികമായി പാർക്കിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കി.

ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ 25 ലക്ഷത്തിലധികം ഭക്തർക്ക് ഭക്ഷണം നൽകി. തീർഥാടനകാലം ആരംഭത്തിൽ 40 ലക്ഷത്തോളം അരവണ കരുതൽ ശേഖരം ഉണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി ഒരുക്കിയത് തീർത്ഥാടനകാലം മനോഹരമാക്കിയെന്നും പ്രസിഡന്റ് പറഞ്ഞു.

Read more

ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന തന്ത്രിയുടെ നിർദേശം പ്രയോജനപ്പെട്ടു. വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിക്കുന്നതിലും കുറവ് വന്നു.
പതിനെട്ടാം പടിയിലെ പോലിസുകാരുടെ പ്രവർത്തന സമയം 15 മിനിറ്റാക്കി കുറച്ചതിലൂടെ ഒരു മിനിറ്റിൽ 85 തീർഥാടകരെ വരെ കയറ്റിവിടാനായി. സോപനത്തിന് മുമ്പിലുള്ള ദർശനക്രമീകരണവും ഫലപ്രദമായിരുന്നു. തീർഥാടകരോടുള്ള പൊലീസിന്റെ പെരുമാറ്റവും കുട്ടികൾക്കും വയോധികർക്കും ദർശനസൗകര്യം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും ശ്ലാഘനീയമായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.