ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപയുടെ ധനസഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഗതാഗത വകുപ്പ് ധനവകുപ്പിനോട് സഹായം തേടിയിരിക്കുന്നത്. 82 കോടി രൂപയാണ് ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് ആവശ്യം. ഇതില്‍ 65 കോടിയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ മാര്‍ച്ച് മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി വീണ്ടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാക്കാലവും ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അടുത്തിടെ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.
ധനമന്ത്രി കെഎന്‍ ബാലഗോപാലും ഗതാഗതമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ചിരുന്നു. തൊഴിലാളി യൂണിയനുകളുണ്ടാക്കിയ കരാര്‍ പ്രകാരം എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് തന്നെ ശമ്പളം നല്‍കണമെന്ന നിലപാടാണ് ജീവനക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മറ്റ് പൊതുമേഖല സ്ഥാപനം പോലെ ലാഭം നോക്കിയല്ല കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നതെന്നും സിഐടിയു പറയുന്നു.