കൊല്ലത്ത് ആറാം ക്ലാസുകാരന് ട്യൂഷന്‍ അധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞുവെന്നാരോപിച്ച് ട്യൂഷന്‍ ക്ലാസ് അധ്യാപകന്‍ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം. പട്ടത്താനം അക്കാദമി ട്യൂഷന്‍ സെന്‍ററിലെ അധ്യാപകന്‍ റിയാസിനെതിരെ കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കി.
‘ഇംപോസിഷൻ എഴുതാത്തതിന് നിർത്താതെ അടിച്ചു. കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു. കരയെടാ കരയെടാ എന്ന് പറഞ്ഞ് പിന്നേയും അടിച്ചു’- മർദനമേറ്റ കുട്ടി പറഞ്ഞു. മകൻ തലവേദനയെ തുടർന്ന് എംആർഐ സ്കാൻ കഴിഞ്ഞ് ചികിത്സയിലിരിക്കുക ആണ്. ഇക്കാര്യം റിയാസ് സാറിന് അറിയാം, എന്നിട്ടാണ് മോനെ മർദിച്ചതെന്നും മാതാപിതാക്കൾ പറയുന്നു.
കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പിതാവ് എസ് രാജീവന്‍ പറഞ്ഞു. ഇന്നലെ ട്യൂഷന് പോയപ്പോള്‍ ഇംപോസിഷൻ എഴുതിയെന്ന് കുട്ടി കള്ളം പറഞ്ഞുവെന്ന് ആരോപിച്ച് വടികൊണ്ട് പലതവണയായി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് എസ് രാജീവന്‍ പറഞ്ഞു. ഒരേ സ്ഥലത്ത് തന്നെ പതിനഞ്ചു തവണയോളം വടികൊണ്ട് അടിച്ചിട്ടുണ്ട്. പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കുട്ടി ബുദ്ധിമുട്ടിലാണ്.
ട്യൂഷന്‍ കഴിഞ്ഞ് മകന്‍ വീട്ടിലെത്തിയപ്പോള്‍ വല്ലാതെ ക്ഷീണിച്ചിരുന്നു. കണ്ണെല്ലാം ചുവന്ന് വല്ലാത്ത അവസ്ഥയിലായിരുന്നു മകന്‍. പക്ഷേ എന്താണ് സംഭവിച്ചതെന്ന് ആദ്യം പറഞ്ഞിരുന്നില്ല. വീട്ടിലെത്തിയ ശേഷം മകളാണ് അടിയേറ്റ പാടുകള്‍ കണ്ടത്. തുടര്‍ന്ന് മകനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വെറും അടിയല്ലെന്നും ക്രൂരമായ മര്‍ദനമാണെന്നും, സംഭവം അറിഞ്ഞ് അധ്യാപകനെ വിളിച്ചപ്പോള്‍ അധ്യാപകരാകുമ്പോള്‍ കുട്ടികളെ അടിക്കുമെന്നായിരുന്നു മറുപടിയെന്നും എസ് രാജീവന്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.