നെടുമ്പാശ്ശേരി വിമാനത്താവളം വഴി 7 കിലോ സ്വര്‍ണം കടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിആര്‍ഐ നടത്തിയ തിരച്ചിലിലാണ് സ്വര്‍ണം കണ്ടെത്തിയത്. രണ്ടുപേരാണ് ദുബായില്‍ നിന്ന് സ്വര്‍ണം എത്തിച്ചത്. ഇത് മൂന്ന് പേര്‍ ഡല്‍ഹിയിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്.
പരിശോധന കര്‍ശനമാക്കിയിട്ടും നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് കുറവില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പിടികൂടിയ സ്വര്‍ണത്തിന്റെ മൂല്യം മൂന്ന് കോടി രൂപക്ക് മുകളിലാണ്. സ്വര്‍ണത്തില്‍ മുക്കി കടത്തിയ തോര്‍ത്തുകളിലുള്ള സ്വര്‍ണത്തിന്റെ അളവ് എത്രയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചക്കിടെ ആറായിരം ഗ്രാമിന് മുകളില്‍ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. കുറഞ്ഞത് ഒരു കിലോ സ്വര്‍ണം ഓരോ തവണയും പിടികൂടുന്നു.
ഗുളിക രൂപത്തിലാക്കി സ്വകാര്യഭാഗങ്ങളില്‍ വെച്ചാണ് കടത്ത് സ്വര്‍ണത്തില്‍ ഏറിയ പങ്കും കൊച്ചിയിലെത്തുന്നത്. ഇതിനായി ക്യാരിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും. തൃശൂരില്‍ പരിശീലനം നല്‍കാന്‍ മാത്രം ഒരു രഹസ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.