അതിജീവിതയ്ക്ക് തിരിച്ചടി; വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ തന്നെ തുടരും. ഹൈക്കോടതി സിംഗില്‍ ബെഞ്ചാബ് ഹര്‍ജി തള്ളിയത്.

സെഷന്‍സ് ജഡ്ജി ഹണി.എം.വര്‍ഗീസ് വിചാരണ നടത്തരുതെന്ന ആവശ്യവും കോടതി തള്ളി. അതിജീവിതയുടെ ആവശ്യപ്രകാരം ഹര്‍ജിയില്‍ രഹസ്യവാദമായിരുന്നു നടന്നത്. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിത ആവശ്യപ്പെട്ടപ്പോള്‍ പ്രതിഭാഗം എതിര്‍ത്തു. അത്തരത്തില്‍ കീഴ്വഴക്കമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

വിചാരണ പ്രത്യേക കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്നാണ് അതിജീവിത ഹര്‍ജിയില്‍ പറഞ്ഞത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് വിധി പറഞ്ഞത്. നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.

കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് ഹരജിയില്‍ പറഞ്ഞത്.