'തലസ്ഥാനത്തെ വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ സ്വാധീനം'; റിയാസ് സൂപ്പര്‍ മുഖ്യമന്ത്രിയെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി

തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റിയില്‍ മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയ്‌ക്കെതിരെ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ച കരമന ഹരിയോട് വിശദീകരണം തേടി. പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്കും സ്പീക്കര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു തിരുവനന്തപുരം സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഉയര്‍ന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറിനും തലസ്ഥാനത്ത് വഴിവിട്ട ബന്ധങ്ങളുണ്ടെന്നായിരുന്നു ആരോപണം. പിണറായിയും ഷംസീറും വ്യവസായികള്‍ക്ക് പ്രിയപ്പെട്ടവരാണെന്നും എന്നാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യരാണെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. ഷംസീറിന് ബിജെപി ബന്ധമുള്ള വ്യവസായിയുമായാണ് ചങ്ങാത്തമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

നിയമസഭയില്‍ തിരുവനന്തപുരം നഗരത്തിലെ റോഡുകളുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനോടുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പ്രതികരണം ശരിയായില്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. മന്ത്രി മുതിര്‍ന്ന നേതാക്കളോട് ബഹുമാനമില്ലാതെ സൂപ്പര്‍ മുഖ്യമന്ത്രിയാകുന്നുവെന്നായിരുന്നു വിമര്‍ശനം.

മുഖ്യമന്ത്രി മകളുടെ കാര്യത്തില്‍ കോടിയേരിക്ക് സമാനമായ നിലപാടെടുക്കണമായിരുന്നു.എന്നാല്‍ മുഖ്യമന്ത്രി ആരോപണം ഉയര്‍ന്നപ്പോള്‍ മൗനം പാലിച്ചത് സംശയത്തിനിടയാക്കി. തലസ്ഥാനത്തെ ഒരു വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കളയില്‍ വരെ സ്വാധീനമുണ്ടെന്ന് ആരോപിച്ച കരമന ഹരിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.

കരമന ഹരിയുടെ ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിനിധി എം സ്വരാജ് വ്യവസായിയുടെ പേര് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹരി വ്യവസായിയുടെ പേര് വ്യക്തമാക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് വിശദീകരണം ആവശ്യപ്പെട്ടത്.